1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2015

സ്വന്തം ലേഖകന്‍: പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു. എണ്‍പത് വയസാരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

നൂറിലേറേ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുള്ള കേച്ചേരി 1934 മെയ് 16 നു തൃശൂര്‍ ജില്ലയിലെ കേച്ചേരി ചീമ്പയില്‍ അഹമ്മദിന്റേയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായാണ് ജനിച്ചത്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്.

മൂത്ത സഹോദരന്‍ എവി അഹമ്മദിന്റെ പ്രോത്സാഹനമാണ് യൂസഫലിയെ എഴുത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. 1954 ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ഥന്‍ ഞാന്‍’ പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ കെപി നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചിട്ടുള്ള യൂസഫലിയാണ് ഇന്ത്യയില്‍ തന്നെ സംസ്‌കൃതത്തില്‍ മുഴുനീള ഗാനങ്ങള്‍ എഴുതിയ ഒരേയൊരു പാട്ടെഴുത്തുകാരന്‍. സൈനബയാണ് യൂസഫലിയുടെ ആദ്യത്തെ പുസ്തകം.

1962 ല്‍ മൂടുപടം എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് 2000 ത്തില്‍ ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്ന് ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത യൂസഫലി കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാത്രി 11 മണിയോടെ കേച്ചേരിയിലെ വസതിയിയില്‍ എത്തിച്ച മൃതദേഹം ഇന്നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വക്കും. ഞായറാഴ്ച വൈകിട്ട് നാലിന് കേച്ചേരി ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.