1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015

സ്വന്തം ലേഖകന്‍: നൂഡില്‍സില്‍ മായം, മാഗിക്കു പിന്നാലെ യിപ്പിയും കുടുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ഭക്ഷ്യപരിശോധനാവിഭാഗം (എഫ്.ഡി.എ.) നടത്തിയ പരിശോധനയിലാണ് യിപ്പി നൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി.യാണ് യിപ്പിയുടെ നിര്‍മ്മാതാക്കള്‍.

യിപ്പിയില്‍ അമിതമായ അളവില്‍ ഈയം കണ്ടെത്തിയതായി പരിശോധനാ ഫലം പറയുന്നു. അലിഗഢിലെ ഷോപ്പിങ് മാളില്‍നിന്ന് പിടിച്ചെടുത്തവയിലാണ് ഇവ കണ്ടെത്തിയതെന്ന് എഫ്.ഡി.എ. ഡിവിഷണല്‍ മേധാവി ചന്ദന്‍ പാണ്ഡെ പറഞ്ഞു.

ജൂണ്‍ 21നാണ് യിപ്പിയുടെ ഉള്‍പ്പെടെ എട്ടുസാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവ ലഖ്‌നൗവിലെയും മീററ്റിലെയും സര്‍ക്കാര്‍ ലാബുകളില്‍ പരിശോധനയ്ക്ക് അയച്ചു. ശനിയാഴ്ചയോടെയാണ് പരിശോധനാഫലം ലഭിച്ചത്. ഈയത്തിന്റെ അളവ് ഒരു മില്ലി ഗ്രാം ഉത്പന്നത്തില്‍, പത്തുലക്ഷത്തില്‍ ഒന്നില്‍ താഴെയാണെങ്കില്‍ അനുവദനീയമാണ്.

എന്നാല്‍, യിപ്പിയില്‍ ഇത് പത്തുലക്ഷത്തില്‍ 1.057 മില്ലിഗ്രാം ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് അനുവദനീയമായതിലും വളരെക്കൂടുതലാണ്. ഇതുസംബന്ധിച്ച വിശദറിപ്പോര്‍ട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ക്ക് അയച്ചു. തുടര്‍നടപടികള്‍ക്ക് ആഴ്ചകളെടുത്തേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെയുടെ ഉത്പന്നമായ മാഗി നൂഡില്‍സില്‍, അമിതമായ അളവില്‍ ഈയം കണ്ടെത്തിയതും യു.പി.യിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. ഇതേത്തുടര്‍ന്ന് മാഗിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഈയടുത്താണ് ബോംബെ ഹൈക്കോടതി നീക്കിയത്. മാഗിക്ക് വിലക്ക് വന്നതിനെത്തുടര്‍ന്ന് യിപ്പിയുടെ പരസ്യവും വില്പനയും കുത്തനെ കൂടിയിരുന്നു.

അതേസമയം ബോംബെ ഹൈക്കോടതി നിരോധാനം നീക്കിയതോടെ മാഗി നൂഡില്‍സ് ഈവര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന് നെസ്ലെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.