1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2016

സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണം, സിപിഎം പ്രാദേശിക നേതാവ് ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, പോലീസ് അന്വേഷണം തുടങ്ങി. നാലംഗ സംഘം കൂട്ടമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. യുവതിയും ഭര്‍ത്താവും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്കും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റേയും പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെയും അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റിപൊലീസ് കേസ് അന്വേഷിക്കുന്നത്. നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ചുവെന്നും, പരാതിയുമായെത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വധഭീഷണിയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ യുവതിയും ഭര്‍ത്താവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിനു സമീപം സംഭവം നടന്ന വീട്ടില്‍കൊണ്ടുപോയി മൊഴിയെടുത്തപ്പോഴും സ്റ്റേഷനില്‍വെച്ചും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നാണ് പൊലീസിനെതിരെയുളള ആരോപണം. 2014 ഏപ്രിലില്‍ തിരുവുള്ളക്കാവിന് സമീപത്തെ വീട്ടില്‍ നാല് പേരും 2015 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി ജയന്തനും പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

എന്നാല്‍ പിന്നീട് വടക്കാഞ്ചേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായ യുവതി ജയന്തനുമായി പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ഉണ്ടായിരുന്നതെന്നും, പണം തിരികെ നല്‍കിയതിലൂടെ കേസ് അവസാനിപ്പിക്കുന്നുവെന്നുമാണ് മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയത്. പരാതിക്കു വിരുദ്ധമായ രീതിയില്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ മൊഴിനല്‍കിയതിനെ തുടര്‍ന്ന് കേസ് റഫര്‍ ചെയ്യണമെന്നാണ് പൊലീസ് നിലപാട്.

ജയന്തന്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് മൂന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അതു തിരിച്ചുചോദിച്ചപ്പോള്‍ വൈരാഗ്യമായെന്നും യുവതി പറയുന്നു. ആരോപണ വിധേയനായ സി.പി.എം പ്രാദേശിക നേതാവ് ജയന്തനെയും ബിനീഷിനെയും സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനാണ് പാര്‍ട്ടി നടപടി പ്രഖ്യാപിച്ചത്.

അതിനിടെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ കെ. രാധാകൃഷ്ണന്‍ ഇരകളുടെ പേര് പുറത്തുവിട്ടത് വിവാദമായി. ആരോപണം കെട്ടിച്ചമച്ചതാകാമെന്ന് പറയുന്നതിനിടെയാണ് അദ്ദേഹം യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമര്‍ശിച്ചത്. പേരുകള്‍ പറയരുതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ജയന്തന്‍ന്റെ പേര് എപ്പോഴും പറയാം, അവരുടെ പറയാന്‍ പറ്റില്ല; അത് ശരിയല്ല’ എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. പരാതിക്കാരി സ്വന്തം കുട്ടിയെ ഒന്‍പത് വര്‍ഷം നോക്കാത്ത ആളാണെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.