1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2011

സാമ്പത്തീകരംഗത്ത് അമേരിക്ക വന്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞത് പുതിയ വെല്ലുവിളിയായി. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഏജന്‍സിയാണ് അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് ‘AAA’ യില്‍ നിന്നും ‘AA+’ ലേക്ക് താഴ്ത്തിയത്. കഴിഞ്ഞ 70 വര്‍ഷമായി ഏജന്‍സിയുടെ മികച്ച റേറ്റിങ് കരസ്ഥമാക്കിയ രാജ്യമാണ് യു.എസ്. ലോകത്തിലെ സര്‍ക്കാരുകളുടെയും കമ്പനികളുടെയും ക്രെഡിറ്റ് റേറ്റിംഗ് രേഖപ്പെടുത്തുന്ന മൂന്നു പ്രധാന ഏജന്‍സികളില്‍ ഒന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഏജന്‍സി

കടക്കെണിയുടെ സാങ്കേതികവും നിയമപരവുമായ കുരുക്കില്‍നിന്ന് അമേരിക്ക കഷ്ടിച്ച് രക്ഷപെട്ടെങ്കിലും സാമ്പത്തിക മാന്ദ്യം ഊരാക്കുടുക്കായിത്തന്നെ തുടരുകയായിരുന്നു. മിക്ക യൂറോരാജ്യങ്ങളും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ബുദ്ധിമുട്ടുന്നതുമൂലം ലോകവ്യാപകമായി നിലനില്‍ക്കുന്ന ആശങ്ക അമേരിക്കയുടെ ദുരവസ്ഥ കൂടിയാകുമ്പോള്‍ കൂടുതല്‍ ഘനീഭവിക്കുകയാണ്. കടംവാങ്ങല്‍ പരിധി ഉയര്‍ത്താനും ബജറ്റ് കമ്മി കുറയ്ക്കാനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭയും സെനറ്റും പാസാക്കി പ്രസിഡന്റ് ബാരാക് ഒബാമ ഒപ്പുവച്ചതോടെ കഴിഞ്ഞ ദിവസം നിയമമായി. കഴിഞ്ഞ കുറെ ആഴ്ചകളായി ഇത് സംബന്ധിച്ച് അമേരിക്കന്‍ നിയമനിര്‍മാണ സഭയില്‍ കനത്ത വാദപ്രതിവാദങ്ങള്‍ നടക്കുകയായിരുന്നു. ഒബാമയെ നിര്‍ത്തിപ്പൊരിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. സെനറ്റില്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഒബാമ ശരിക്കും വെള്ളം കുടിച്ചു. കടംവാങ്ങല്‍ പരിധി ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിക്കിടയാക്കിക്കൊണ്ട് ട്രഷറി അടച്ചിടേണ്ട സ്ഥിതി വന്നേനെ. ഇത് ലോകസമ്പദ് വ്യവസ്ഥയെയും ബാധിക്കുമായിരുന്നു.

കടമെടുക്കാനുള്ള യോഗ്യത നിശ്ചയിക്കുന്ന ട്രിപ്പിള്‍ എ റേറ്റിംഗില്‍നിന്നും പുറത്തുപോകുമെന്ന സ്ഥിതിയിലുമായിരുന്നു അമേരിക്ക. റിപ്പബ്ലിക്കന്മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബജറ്റില്‍ വെട്ടിക്കുറവ് വരുത്താന്‍ ഒടുവില്‍ ഒബാമയ്ക്ക് സമ്മതിക്കേണ്ടിവന്നു. അവര്‍ കടംവാങ്ങല്‍ പരിധി ഉയര്‍ത്താന്‍ സമ്മതിച്ചത് ഇതിനുശേഷമാണ്. സ്വന്തം വരുമാനത്തിനുള്ളില്‍ ഒതുങ്ങാതെ കടം വാങ്ങിക്കഴിയുന്ന അമേരിക്കയെ ഇത്തിക്കണ്ണിയെന്ന് റഷ്യന്‍ പ്രധാനമന്ത്രി പുടിന്‍ ആക്ഷേപിക്കുന്നതുവരെ എത്തിനില്‍ക്കുന്നു ഒബാമയുടെ ഗതികേട്. ഡോളറിന്റെ കുത്തക ആഗോളവിപണിക്കു ഭീഷണിയാണെന്നും സെന്‍ട്രല്‍ റഷ്യയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞു. ഡോളറിനു പകരം നില്‍ക്കാവുന്ന മറ്റൊരു കറന്‍സി ആവശ്യമാണെന്ന ചിന്ത പല രാജ്യങ്ങളിലും പ്രബലമായിക്കൊണ്ടിരിക്കവേയാണ് ഈ പ്രസ്താവന. റഷ്യയും ചൈനയും അവരുടെ സമ്പാദ്യത്തില്‍ നിശ്ചിത ശതമാനം യുഎസ് കടപ്പത്രങ്ങളിലാണു നിക്ഷേപിക്കുന്നത്.

രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തീക മാന്ദ്യത്തെ വരുതിയിലാക്കാനുള്ള പ്രയത്നത്തിലാണ്‌ യുഎസ്. യുഎസിലെ സാമ്പത്തീകമാന്ദ്യം വെളിച്ചത്തുവന്നതോടെ ആഗോളവിപണിയും കടുത്ത സമ്മര്‍ദ്ദത്തിലാണ്‌. അതേസമയം, യൂറോ സോണിലെ ഇറ്റലിയും സ്‌പെയിനും കടുത്ത പ്രതിസന്ധിയിലായി. കനത്ത സാമ്പത്തികസഹായമില്ലെങ്കില്‍ ഈ രണ്ടുരാജ്യങ്ങളും വന്‍ കടക്കെണിയിലാകുമെന്ന ദുരവസ്ഥയിലാണ്. അമേരിക്ക കടമെടുക്കാനുള്ള പരിധി ഉയര്‍ത്തി പ്രതിസന്ധിയില്‍നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും ഗ്രീസിന്റെയും അയര്‍ലന്‍ഡിന്റെയും പോര്‍ട്ടുഗലിന്റെയും കാര്യത്തിലെന്നതുപോലെതന്നെ അത്തരം സൂത്രവിദ്യകളാല്‍ പിടിച്ചുനില്‍ക്കാവുന്ന സ്ഥിതിയിലല്ല ഈ രാജ്യങ്ങളും.

സ്‌പെയിനിനെ ഇന്നലെ പ്രതിസന്ധിയിലാക്കിയത് ബോണ്ടുകളുടെ തകര്‍ച്ചയാണ്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി ജോസ് ലൂയി റോഡ്രിഗര്‍ സപാട്രോ ഹോളിഡേ ഒഴിവാക്കി രാജ്യത്ത് തിരിച്ചെത്തി. ഇറ്റലിയിലും ബാങ്കിംഗ് സെക്ടറില്‍ കനത്ത തിരിച്ചടി ഇന്നലെയുണ്ടായി. മിക്ക ബാങ്കുകളും നഷ്ടക്കണക്കുകളാണ് രേഖപ്പെടുത്തിയത്. സ്‌പെയിനിന്റെയും ഇറ്റലിയുടെയും ബോണ്ടുകളുടെ പലിശനിരക്ക് ആറു ശതമാനത്തിനു മുകളിലായി ഉയര്‍ന്നു. ഗ്രീസിന്റെയും അയര്‍ലന്‍ഡിന്റെയും പോര്‍ട്ടുഗലിന്റെയും ബെയ്ല്‍ ഔട്ട് പദ്ധതിക്കു മുമ്പുള്ള നിരക്കാണിത്. ഇതിനിടെ സ്വര്‍ണം പുതിയ റിക്കാര്‍ഡ് ഉയരങ്ങളിലെത്തി. യുകെയില്‍ സുരക്ഷിതമെന്നു വിലയിരുത്തപ്പെട്ടിരുന്ന ആസ്തികള്‍ക്കാകട്ടെ പലിശനിരക്കുകള്‍ താഴേയ്ക്കു പോയി.

ഓഹരിവിപണി കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. വാള്‍ സ്ട്രീററിലെ ഡൗ ജോണ്‍സ് സൂചികയില്‍ ഇന്നലെ ഒരു ദിവസം നഷ്ടപ്പെട്ടത് 266 പോയിന്റുകളാണ്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഡൗ ജോണ്‍സ് താഴേക്കു പോകുന്നത്. 2011ല്‍ അമേരിക്കന്‍ ഓഹരികള്‍ക്കു കിട്ടിയ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തി. 2010ലേതിനേക്കാള്‍ കുറഞ്ഞ നിലയിലാണ് യൂറോപ്പിലേയും ഏഷ്യയിലെയും ഓഹരികള്‍ ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത്. പ്രതിസന്ധിയില്‍നിന്ന് യു.കെ തത്കാലം വിട്ടുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ യു കെ താരതമ്യേന സുരക്ഷിതമാണെന്ന് ബാര്‍ക്ലേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ബോബ് ഡയണ്ട് വിലയിരുത്തി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴോട്ടു പോയാല്‍ ആഗോളതലത്തില്‍ ചെറിയ ചലനങ്ങളും അമേരിക്കയ്ക്ക് അത് വന്‍പ്രതിസന്ധിയും സൃഷ്ടിക്കുമായിരുന്നു. എന്നാല്‍, യു കെയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴേയ്ക്കു പോയാല്‍ യൂറോ മേഖലയിലാകെ പ്രശ്‌നങ്ങളാകും.ഇതുണ്ടാക്കാനിടയുള്ള ലോകവ്യാപക ഭവിഷ്യത്ത് പ്രവചനാതീതമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.