1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2018

സ്വന്തം ലേഖകന്‍: ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുപി പൊലീസ്; സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നു. ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി.

‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?’ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പശുക്കളെ അറുത്തത് ആദ്യം അന്വേഷിക്കുമെന്ന് ഒപി സിങ് അറിയിച്ചു. ദാദ്രിയില്‍ അഖ്‌ലാഖിനെ അടിച്ചുകൊന്ന കേസ് അന്വേഷണത്തിനിടയിലാണ് സുബോധ് കുമാറിന്റെ കൊല നടന്നത്. അതിനാല്‍ കൊലക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലേറുണ്ടാകുകയും അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്തെങ്കിലും പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പശുവിന്റെ ജഡത്തിന്റെ പഴക്കം എത്രയെന്ന് ഉടന്‍ നിര്‍ണയിക്കുമെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു. പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്‌റങ്ദള്‍ നേതാവായ യോഗേഷ് രാജ്, മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്.

യോഗേഷ് ഉള്‍പ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും.പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗ്ഗീയ കലാപമായി മാറാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ്. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പൊലീസിന്റെ ഇടപെടലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.