1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2019

സ്വന്തം ലേഖകന്‍: ‘പാവങ്ങളുടെ ശബ്ദമാകണം മതങ്ങള്‍; ആയുധ വില്‍പ്പനയ്‌ക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണം,’ യുഎഇയുടെ ഹൃദയം കവര്‍ന്ന് മാര്‍പാപ്പ; ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ കുര്‍ബാനയ്ക്ക് ശേഷം മാര്‍പാപ്പ ഇന്ന് മടങ്ങും. യു.എ.ഇ സ്ഥാപക സ്മാരകത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സിറിയ, യമന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ കെടുതികള്‍ ചൂണ്ടിക്കാട്ടി യുദ്ധവെറിക്കെതിരെ ശക്തമായ ആഹ്വാനം നടത്തിയത്.

നീതിക്കും സമാധാനത്തിനുമായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ അബൂദബിയിലെ പ്രസംഗം. സലാം പറഞ്ഞുകൊണ്ടാണ് മാര്‍പ്പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. യുദ്ധങ്ങള്‍ക്കും ആയുധന മല്‍സരങ്ങള്‍ക്കുമെതിരെ വിശ്വാസികളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. നീതി സമാധാനത്തിന്റെ ചിറകുകളിലൊന്നാണ്. നീതി ഇല്ലാതെ സമാധാനത്തിന് നിലനില്‍പ്പില്ല. പാവങ്ങളുടെ ശബ്ദമാകാന്‍ മതത്തിന് കഴിയണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ഹൃദയങ്ങളെ മനുഷ്യര്‍ പട്ടാളരഹിതമാക്കണം. യമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ കെടുതികളെ മനസില്‍വെച്ചുകൊണ്ടാണ് താനിത് പറയുന്നത്. അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്‍കെട്ടുകള്‍, പാവങ്ങളെ ചൂഷണം ചെയ്യല്‍, ബന്ധങ്ങളെ പണത്തിനായി ദുരുപയോഗം ചെയ്യല്‍ എന്നിവ ഇല്ലാതാക്കാന്‍ വിശ്വാസികള്‍ പ്രവര്‍ത്തിക്കണം. പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും ഈ നിലപാടുകളുണ്ടാവണം.

ചടങ്ങില്‍ നേരത്തേ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് ത്വയ്യിബ് സംസാരിച്ചു. മാനവ സാഹോദര്യരേഖയില്‍ മാര്‍പ്പാപ്പ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്!യാന്‍ തുടങ്ങിയ രാഷ്ട്രനേതാക്കളും പോപ്പിന്റെ പ്രസംഗത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

ഞായറാഴ്ച രാത്രി അബുദാബിയില്‍ എത്തിയ പാപ്പയ്ക്ക് രണ്ടാംദിവസം സന്ദര്‍ശനങ്ങളുടെയും ഹ്രസ്വപ്രഭാഷണങ്ങളുടെയും ദിനമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് യു.എ.ഇ. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. സായുധസേനയുടെ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായിട്ടായിരുന്നു പാപ്പയുടെ ആദ്യ കൂടിക്കാഴ്ച.

രാജകുടുംബാംഗങ്ങളായ ശൈഖ് സൈഫ്, ശൈഖ് മന്‍സൂര്‍, ശൈഖ് അബ്ദുള്ള തുടങ്ങി ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. യു.എ.ഇ. സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെയാണ് മാര്‍പാപ്പയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചത്. സൈനിക കുതിരകളുടെ മാര്‍ച്ച് പാസ്റ്റ്, 21 ഗണ്‍ സല്യൂട്ട് തുടങ്ങിയ എല്ലാ ഉപചാരങ്ങളോടെയുമായിരുന്നു കൊട്ടാരത്തില്‍ മാര്‍പാപ്പയ്ക്ക് നല്‍കിയ രാജകീയ സ്വീകരണം.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഇസ്‌ലാമിക തീര്‍ഥാടനകേന്ദ്രവും യു.എ.ഇ.യിലെ ഏറ്റവും വലിയ പള്ളിയുമായ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക് സന്ദര്‍ശനമായിരുന്നു പാപ്പയുടെ അടുത്ത ചടങ്ങ്. ഈജിപ്തിലെ ഇസ്‌ലാമിക പണ്ഡിതനായ അല്‍ അസര്‍ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയിബുമൊത്തായിരുന്നു മാര്‍പാപ്പയുടെ പള്ളി സന്ദര്‍ശനം. തുടര്‍ന്ന് നഗരത്തിലെ ചരിത്രസ്മാരകമായ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന വിശ്വമാനവ സാഹോദര്യ സമ്മേളനത്തിലും മാര്‍പാപ്പ സംസാരിച്ചു.

ചൊവ്വാഴ്ച അബുദാബി ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പൊതുപരിപാടിയിലും 1.35 ലക്ഷം പേര്‍ പങ്കെടുക്കും. പുലര്‍ച്ചെ അഞ്ചുമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദൂരസ്ഥലങ്ങളില്‍നിന്ന് വിശ്വാസികളുമായി പ്രത്യേക ബസുകള്‍ തിങ്കളാഴ്ച രാത്രി പതിനൊന്നുമുതല്‍തന്നെ അബുദാബിയിലേക്ക് യാത്രതിരിച്ചു. ഈ പരിപാടിക്കുശേഷം വൈകീട്ടോടെ മാര്‍പാപ്പ വത്തിക്കാന്‍ സിറ്റിയിലേക്ക് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.