1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും. യുഎഇയില്‍ വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കും. കമ്പനി അടച്ചു പൂട്ടുമ്പോഴും പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌പോണ്‍സറുടെ അനുമതി കൂടാതെ തൊഴിലാളികള്‍ക്കു പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന സാഹചര്യങ്ങള്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പുറത്തിറക്കി.

കമ്പനി അടച്ചു പൂട്ടിയതിനാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും ഇത്തരത്തില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാവും ഇതു പരിഗണിക്കുക. 2 മാസമായി കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് ബോധ്യപ്പെടണം. സ്‌പോണ്‍സറുടെ നിഷേധനിലപാടു മൂലം മന്ത്രാലയം ഇടപെട്ടിട്ടും തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും.തൊഴില്‍ തര്‍ക്ക പരാതി കോടതിയിലേക്കു മാറ്റേണ്ടി വരുമ്പോഴും രണ്ടു മാസത്തില്‍ കുറയാത്ത വേതനം കിട്ടാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്ന് കോടതി വിധിയുണ്ടായാലും സ്‌പോണ്‍സറുടെ അനുമതി കാത്തു നില്‍ക്കാതെ പെര്‍മിറ്റ് നല്‍കും.

മുന്നറിയിപ്പില്ലാതെ കമ്പനിയില്‍ നിന്നും പിരിച്ചുവിടുക, തൊഴില്‍ കരാര്‍ അസാധുവാക്കുക, തൊഴിലാളിയുടെ ഏതെങ്കിലും അവകാശങ്ങള്‍ സ്‌പോണ്‍സര്‍ നിഷേധിക്കുക, സേവന കാല ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും പുതിയ പെര്‍മിറ്റിന് മന്ത്രാലയത്തെ സമീപിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.സ്‌പോണ്‍സര്‍ സ്വമേധയാ ജോലിയില്‍ നിന്നു നീക്കുകയോ ലേബര്‍ കാര്‍ഡ് പുതുക്കാതിരിക്കുകയോ ചെയ്താലും മന്ത്രാലയ സഹായമുണ്ടാകും.

നിശ്ചിത കാലത്തേക്ക് തൊഴില്‍ കരാര്‍ രൂപപ്പെടുത്തി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ ആ കാലാവധി തീരും വരെ തൊഴിലെടുക്കണം. ഇതു പാലിക്കാതെ കരാര്‍ സ്വയം അസാധുവാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. നോ എന്‍ട്രിയോടെ ആയിരിക്കും ഇവരുടെ വീസ റദ്ദാക്കുന്നത്. കാലാവധി നിശ്ചയിക്കാത്ത തൊഴില്‍ കരാറുകളാണെങ്കില്‍ തൊഴിലുടമ നല്‍കിയ നോട്ടീസ് കാലാവധി വരെ ജോലി ചെയ്യാന്‍ തൊഴിലാളി ബാധ്യസ്ഥനാണ്. വീസാ മാറ്റത്തിന് വിദഗ്ധ തൊഴിലാളികള്‍ക്കുള്ള നിയമത്തില്‍ മാറ്റമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.