1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2017

സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍. പ്രായപൂര്‍ത്തിയാവുന്നതിനു മുന്പ് യുഎസില്‍ എത്തിയ 8,00,000 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും നാടുകടത്തലില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ (ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍) പദ്ധതിയാണ് ട്രംപ് അവസാനിപ്പിച്ചത്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17,000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളേയും ഏഴായിരത്തോളം ഇന്ത്യന്‍ വംശജരെയും ഈ ഉത്തരവു ദോഷകരമായി ബാധിക്കും. നിയമം പിന്‍വലിച്ചതായി യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെസ്സിയന്‍സ് പറഞ്ഞു. ഒബാമ ഭരണകൂടം കൊണ്ടുവന്ന നിയമം പിന്‍വലിക്കുമെന്ന് ദിവസങ്ങളായി സൂചനയുണ്ടായിരുന്നു.

ഒബാമ കൊണ്ടുവന്ന ഡിസിഎ നിയമം റദ്ദാക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. 80,000 അണ്‍ ഡോക്യുമെന്റഡ് കുട്ടികളാണ് നിയമവിരുദ്ധമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം യുഎസില്‍ എത്തിയിരിക്കുന്നത്. ഇവര്‍ ഇവിടെ വിദ്യാഭ്യാസം നടത്തുകയും വിവിധ മേഖലകളില്‍ ഉയര്‍ന്ന തസ്തികകളില്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്നവരുമാണ്. ഇന്ത്യയില്‍ നിന്നുള്ള 17,000 വിദ്യാര്‍ഥികളില്‍ 3608 പേര്‍ മാത്രമേ ഡിഎസിഎ നിയമത്തിന്റെ ആനുകൂല്യം വേണമെന്നാവശ്യപ്പെട്ട് ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളൂ.

വരുന്ന എല്ലാവരെയും സ്വീകരിക്കാനാവില്ലെന്നും എത്ര കുടിയേറ്റക്കാരെ സ്വീകരിക്കാം എന്നതിനു പരിധി വയ്ക്കണമെന്നും സെഷന്‍സ് ചൂണ്ടിക്കാട്ടി. ആറു മാസത്തിനകം ഈ കുടിയേറ്റക്കാരുടെ കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസ് നിയമ നിര്‍മാണം നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് അഞ്ചുവരെ ആരെയും നാടുകടത്തില്ല.നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

കോണ്‍ഗ്രസിനെ മറികടന്നാണ് 2012ല്‍ ഒബാമ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു സംരക്ഷണം അനുവദിച്ചതെന്നു വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്, നിങ്ങളുടെ ചുമതല നിറവേറ്റാന്‍ തയാറാവുകയെന്ന് ഉത്തരവില്‍ ഒപ്പുവച്ചതിനു ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരവില്‍ പ്രതിഷേധിച്ച് വൈറ്റ്ഹൗസിനു മുന്നില്‍ നിരവധി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.