1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

സ്വന്തം ജീവന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കുടുംബത്തിന് ഒരു കൈതാങ്ങ് ആകട്ടെ എന്നു കരുതിയാണ് പലരും ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ ആവശ്യമുളള സമയത്ത് പോളിസി തുക ലഭിച്ചില്ലെങ്കിലോ? കുടുംബത്തിന്റെ നെടുംതൂണായ വ്യക്തിയുടെ പെട്ടന്നുണ്ടാകുന്ന അഭാവം കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വിരിക്കരുതെന്ന തീരുമാനമാണ് പലരേയും ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ 96 % പേര്‍ക്കും മരണശേഷം ഇന്‍ഷ്വറന്‍സ് തുക ലഭിക്കാറുണ്ടെങ്കിലും പല കാരണങ്ങള്‍കൊണ്ട് 4% ആളുകള്‍ക്ക് ഇന്‍ഷ്വറന്‍സ് നിഷേധിക്കാറുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ലൈഫ് ഇന്‍ഷ്വറന്‍സ് ഒരു ആവശ്യമാണോ?

മരിക്കാന്‍ പോകുന്നു എന്ന ഉറപ്പൊന്നുമല്ല ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി. അവിചാരിതമായി സംഭവിക്കുന്ന ഒരു ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ ബന്ധുക്കളെ സഹായിക്കുക മാത്രമാണ് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുടെ ലക്ഷ്യം. നിങ്ങളായി വരുത്തിവെച്ച കടം, പണയം തുടങ്ങിയ ബാധ്യതകള്‍ പരിഹരിക്കുന്നതിനും നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിന്റെ വരുമാനത്തിലുണ്ടാകുന്ന കുറവ് ഒരു പരിധിവരെ പരിഹരിക്കാനും ലൈഫ് ഇന്‍ഷ്വറന്‍സിന് കഴിയും. നിങ്ങളെ ആശ്രയിച്ച് കഴിയുന്ന ബന്ധുക്കളാരുമില്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുന്നതിന് പകരം വരുമാനത്തിന്റെ സുരക്ഷിതത്വം ഉറപ്പുതരുന്ന തരത്തിലുളള ഏതെങ്കിലും പോളിസി എടുക്കുന്നതാണ് നല്ലത്.

പോളിസി ട്രാപ്പ്

ഒരാള്‍ പോളിസി എടുക്കുമ്പോള്‍ പോളിസിയുടെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന പോളിസി ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്റ് നല്‍കണമെന്ന് നിയമമുണ്ട്. ഈ ഡോക്യുമെന്റ് വിശദമായി വായിച്ച് മനസ്സിലാക്കേണ്ടത് പോളിസിയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കും. ഏത് കാര്യത്തിനൊക്കെ പോളിസി കവര്‍ ലഭിക്കും ഏതിനൊക്കെ ലഭിക്കില്ലെന്നും ഇത് വഴി മനസ്സിലാക്കാന്‍ കഴിയും.

കളളം പറയരുത്

പോളിസി എടുക്കുമ്പോള്‍ ആപ്പ്ളിക്കേഷന്‍ ഫോമില്‍ കളളം എഴുതാന്‍ പാടില്ല. ഇത്തരം കളളത്തരങ്ങള്‍ ഭാവിയില്‍ ഇന്‍ഷ്വറന്‍സ് നിക്ഷേധിക്കാന്‍ കാരണമായേക്കാം. പുകവലിക്കില്ല, സാഹസിക കാര്യങ്ങളില്‍ ഏര്‍പ്പെടില്ല, ഗുരുതരമായ രോഗങ്ങള്‍ ഇല്ല, മയക്കുമരുന്നിന് അടിമയല്ല, മാനസിക രോഗമില്ല, തുടങ്ങിയ കളളത്തരങ്ങള്‍ ആപഌക്കേഷനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇതിലേതെങ്കിലും ഒരു കാരണം കൊണ്ട് നിങ്ങള്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് പോളിസി കവറേജ് ലഭിക്കില്ല.

ആത്മഹത്യ ചെയ്താല്‍

ഇന്‍ഷ്വറന്‍സ് പോളിസി എടുത്ത് 12 മാസത്തിനുളളില്‍ പോളിസി ഉടമ ആത്മഹത്യചെയ്താല്‍ ക്ലെയിം ലഭിക്കുന്നതായിരിക്കില്ല. പല പോളിസികളും ഒരു വര്‍ഷത്തിന് ശേഷം ആളുകള്‍ ആതമഹത്യ ചെയ്താല്‍ ക്ലെയിം തുക നല്‍കാറുണ്ട്. എന്നാല്‍ പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍വി ആത്മഹത്യാ കേസുകള്‍ക്ക് ക്ലെയിം നല്‍കാറില്ല. കാരണം പോളിസിയുടമയുടെ മാനസികാരോഗ്യത്തിന് കവറേജ് നല്‍കാറില്ല എന്നതാണ്.

പോളിസി കാലവധിയേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍

പോളിസിയില്‍ പറഞ്ഞ കാലവധിയേക്കാള്‍ കൂടുതല്‍ കാലം നിങ്ങള്‍ ജീവിച്ചിരുന്നാല്‍ പോളിസിയുടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല. അതായത് നിങ്ങള്‍ക്ക് മുപ്പത് വയസുളളപ്പോള്‍ 40 വര്‍ഷം കവറേജുളള ഒരു ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി നിങ്ങള്‍ എടുത്തുവെന്ന് കരുതുക. നിങ്ങള്‍ എഴുപത് വയസ്സിനുളളില്‍ മരിക്കുകയാണങ്കില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്ക് ക്ലെയിം ചെയ്ത തുക ലഭിക്കും. എന്നാല്‍ 71മത്തെ വയസ്സിലാണ് മരിക്കുന്നതെങ്കില്‍ ഒരു പെന്നി പോലും ലഭിക്കുകയുമില്ല. പല ഇന്‍ഷ്വറന്‍സ് കമ്പനികളും ഫിക്‌സഡ് ടേം പഌനുകള്‍ എഴുപത് വയസ്സ് വരെ നല്‍കാറുളളു. എന്നാല്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വറന്‍സ് പോളിസികളുണ്ട്. നിങ്ങള്‍ എത്രകാലം ജീവിച്ചിരുന്നോ അത്രകാലം നിങ്ങള്‍ക്ക് പോളിസിയുടെ കവറേജ് ലഭിക്കുന്ന പോളിസിയാണിത്.

ഗുരുതരമായ രോഗം ബാധിച്ചാല്‍

പെട്ടന്ന് മൂര്‍ച്ഛിക്കുകയും 12 മാസത്തിനുളളില്‍ മരിക്കുകയും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലന്ന് തീര്‍ച്ചയുളളതുമായ രോഗങ്ങളെയാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ടെര്‍മിനല്‍ ഇല്‍നസ് എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. പോളിസി കാലാവധിക്കുളളില്‍ ഗുരുതരമായ രോഗം പിടിപെടുകയാണങ്കില്‍ പല കമ്പനികളും ആകെ ലഭിക്കേണ്ട തുകയില്‍ നിന്ന് ഒരു ചെറിയശതമാനം കിഴിവ് വരുത്തികൊണ്ട് തുക തിരികെ നല്‍കാറുണ്ട്. എന്നാല്‍ നിങ്ങളുടെ പോളിസി കാലവധി അവസാനിക്കുന്നതിന് 12 മാസം മുന്‍പാണ് രോഗം കണ്ടെത്തിയതെങ്കില്‍ നിങ്ങളുടെ മരണശേഷമാകും നോമിനിക്ക് പോളിസി തുക ലഭിക്കുക.

വിദേശത്താണ് താമസിക്കുന്നതെങ്കില്‍

ചില പോളിസികള്‍ കാന്‍സര്‍ പോലെയുളള ഗുരുതര രോഗങ്ങള്‍ക്ക് കേവറേജ് നല്‍കാറുണ്ടെങ്കിലും 12 മാസത്തില്‍ കൂടുതല്‍ നിങ്ങള്‍ വിദേശത്ത് താമസിക്കുകയാണങ്കില്‍ പോളിസി കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ വരും.

ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

പലരും ജീവിതത്തില്‍ ഒരു ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുത്ത ശേഷം അതിനെകുറിച്ച് മറന്നുപോകാറാണ് പതിവ്. എന്നാല്‍ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് പോളിസി അപ്പ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വിവാഹിതനാകുക, അച്ഛനാവുക, വീട് വാങ്ങുക, ജോലി കിട്ടുക, കൂടുതല്‍ വാടക നല്‍കുന്ന വീട്ടിലേക്ക് മാറി താമസിക്കുക, കൂടുതല്‍ മികച്ച ഒരു ജോലി ലഭിക്കുക, തുടങ്ങിയവ നിങ്ങളുടെ ജീവിതത്തിന്റെ നിലവാരത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ്. അതുകൊണ്ട് തന്നെ പോളിസിയുടെ സം അഷ്വേഡ് തുകയില്‍ ഇത്തരം മാറ്റങ്ങള്‍ക്കനുസരിച്ച് വര്‍ദ്ധനവ് ഉണ്ടാകണം. ഇത്തരത്തില്‍ പോളിസി അപ്പ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന്റെ സംരക്ഷത്തിന് ആവശ്യമായ തുക ലഭിക്കില്ലന്ന് ഓര്‍ക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.