1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2019

സ്വന്തം ലേഖകന്‍: തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്. തായ്‌ലാന്റ് ജയിലിലായിരുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയെ മോചിപ്പിച്ചു. അറൈബിയെ നാടുകടത്തണമെന്ന ആവശ്യം ബഹ്‌റൈന്‍ പിന്‍വലിച്ചതോടെയാണിത്. ബഹ്‌റൈനിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ഹക്കീം പറഞ്ഞിരുന്നു.

ബഹ്‌റൈന്‍ ദേശീയ ടീമിലെ ഡിഫന്‍സ് താരമായിരുന്ന ഹക്കീം അറൈബി 2011ല്‍ അറബ് വിപ്ലവ കാലത്താണ് സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് ബഹ്‌റൈന്‍ വിട്ടത്. ഓസ്‌ട്രേലിയയില്‍ അഭയം തേടിയ ഹക്കീം മെല്‍ബണില്‍ ഒരു ചെറിയ ക്ലബ്ബിന് വേണ്ടി കളിച്ചുവരികയായിരുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന കേസില്‍ ബഹ്‌റൈന്‍ ഹക്കീമിനെതിരെ 10 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു.

നവംബറില്‍ ഭാര്യയ്‌ക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ തായ്‌ലാന്റില്‍ എത്തിയപ്പോള്‍ കഴിഞ്ഞ നവംബറിലാണ് ഹക്കീം അറസ്റ്റിലാവുന്നത്. ഭാര്യയെ തായ്‌ലാന്റ് വിട്ടയച്ചിരുന്നു. തായ്‌ലാന്റ് വിട്ടയച്ചതോടെ ഹക്കീം ഇനി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകും. അഭയാര്‍ത്ഥി പരിഗണനയുള്ള ഹക്കീമിന് സുരക്ഷ നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് ഓസ്‌ട്രേലിയ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.

2014 മുതല്‍ പട്ടാള ഏകാധിപത്യത്തിന് കീഴിലുള്ള തായ്‌ലാന്റ് രാഷ്ട്രീയ അഭയം തേടിവരുന്നവരെ തിരിച്ചയച്ചിരുന്നു. ഹക്കീമിനെയും ഇതുപോലെ തിരിച്ചയ്ക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭയപ്പെട്ടിരുന്നു. ഷിയാ വിഭാഗത്തില്‍പ്പെട്ടയാളാണ് ഹക്കീം അല്‍ അറൈബി. സുന്നി ഭൂരിപക്ഷ രാജ്യമായ ബഹ്‌റൈന്‍ ഷിയാ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.