1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2019

സ്വന്തം ലേഖകന്‍: ‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇനിയത് സാധ്യമല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

മാതൃഭൂമി ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല. എന്നെ അത്രയ്ക്ക് വിഷമിപ്പിച്ചു. സെപ്റ്റംബര്‍ മാസം മുതലുള്ള എന്റെ ഉറക്കം കളഞ്ഞു. പൊറുക്കാന്‍ പോലും പറ്റത്തില്ല. ആ സംഭവം എന്റെ മോള് മരിച്ചപ്പോള്‍ എനിക്കുണ്ടായ ദു:ഖം പോലെയാണ്. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്… നിങ്ങളുടെ മേഖല അല്ലല്ലോ. നിങ്ങള്‍ എന്തിനാണ് വെറുതെ നുഴഞ്ഞുകയറുന്നത്. നവോത്ഥാനം ഒക്കെ നിങ്ങളുടെ പാര്‍ട്ടി ഓഫീസുകളില്‍ നടത്തു എന്നു പറയാന്‍ എനിക്കിപ്പോള്‍ അവകാശമായി. പെണ്ണിനെ ആദ്യം മതിക്കാന്‍ പഠിക്ക്, പിന്നെ വേളം അവളെ ഉദ്ധരിക്കാന്‍’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

പിണറായി വിജയനുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നതിന് ചില ഉദാഹരണങ്ങളും അഭിമുഖത്തില്‍ സുരേഷ് ഗോപി നിരത്തുന്നുണ്ട്. ആരിഫിന് സീറ്റ് ലഭിച്ചത് പിണറായി വിജയനോട് താന്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നെന്നാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്.

‘ആര്‍.എസ്. ബാബു കൊണ്ടുപോയിട്ടാണ് വിജയേട്ടനെ എനിക്ക് കണക്ട് ചെയ്യുന്നത്. അപ്പോള്‍ വിജയേട്ടന്‍ എന്റെ അടുത്ത് ചോദിച്ചു. ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ടര മാസമേയുള്ളൂ, എങ്ങനെയാ കാര്യങ്ങള്‍. ഇവരെല്ലാവരും ചോദിക്കുന്നത് ഇങ്ങനെയാണ്. എ.കെ ആന്റണി ചോദിച്ചാലും ഇങ്ങനെയാണ് ചോദിക്കുക. അവര്‍ക്ക് എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടായിരിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് അങ്ങനെ ഒരു മോഹമില്ല. എനിക്കത് ഇഷ്ടമുള്ള കാര്യവുമല്ല. അതുകൊണ്ട്… എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ…? അതാര്‍ക്കാ എന്ന് വിജയേട്ടന്‍? ഞാന്‍ പറഞ്ഞു, അത് എന്റെ ഒരു വളരെ വേട്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്.’ എന്നായിരുന്നു അഭിമുഖത്തില്‍ സുരേഷ് ഗോപി അവകാശപ്പെട്ടത്.

മുകേഷിന് സീറ്റ് ലഭിച്ചതിലും താന്‍ ഇടപെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. ‘എനിക്ക് ഇരവിപുരത്ത് മുകേഷ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ നാടാണ് അത്. അതിനുവേണ്ടി വിജയേട്ടനുമായി ഞാന്‍ മുട്ടന്‍ ഗുസ്തി പിടിച്ചതാണ്. അവസാനം എന്റെ അടുത്ത് പറഞ്ഞു, ആളില്ല നമുക്ക് കൊല്ലം ശ്രമിക്കാം എന്ന്.’

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.