1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2019

സ്വന്തം ലേഖകൻ: ചന്ദ്രയാൻ രണ്ട് വിക്രം ലാൻ‍ഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിച്ചു. 14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും നീണ്ട രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യതയും അവസാനിച്ചിരിക്കുകയാണ്. ലാൻ‍ഡറിന് എന്ത് പറ്റിയെന്നതിൽ വിദഗ്ധ സമിതി അന്വേഷണം നടത്തുകയാണ്. പഠനം പൂർത്തിയായ ശേഷം റിപ്പോർട്ട് പുറത്ത് വിടുമെന്ന് ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ അറിയിച്ചു.

വിക്രം ലാൻഡർ ഒരു സാങ്കേതിക വിദ്യാ പ്രദർശനമായിരുന്നുവെന്നും ശാസ്ത്ര ഗവേഷണത്തിന് ഓ‌ർബിറ്റർ മുതൽക്കൂട്ടായിരിക്കുമെന്നുമാണ് ഡോ കെ ശിവൻ ഇന്ന് ഒഡീഷയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയാണ് ഇനി ഇസ്രൊയുടെ മുന്നിലുള്ളത്. ഈ പദ്ധതിക്കായിരിക്കും ഇനി മുൻഗണന.

ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. നിശ്ചയിച്ചത് പോലെ തന്നെ സെപ്റ്റംബർ ഏഴിന് പുലർച്ചെ സോഫ്റ്റ്ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചെങ്കിലും ലാൻഡിംഗിന് തൊട്ട് മുമ്പ് വിക്രം ലാൻഡറുമായില ബന്ധം നഷ്ടമായി. സോഫ്റ്റ് ലാൻഡിംഗ് ശ്രമം പാളിയെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നെങ്കിലും ലാൻഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിക്കുന്ന സമയം വരെ ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു.

ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്‌ധ സംഘം പരിശോധിച്ച് വരികയാണ്. പരാജയ പഠന സമിതിയുടെ റിപ്പോർട്ടിനായാണ് ശാസ്ത്ര ലോകം കാത്തിരിക്കുന്നത്.

വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓ‌ർബിറ്റർ പകർത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയ സമയത്താണ് ചിത്രമെടുത്തതെന്നതിനാൽ തന്നെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.