1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2019

സ്വന്തം ലേഖകന്‍: ബഹിരാകാശം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേത് അല്ലെന്നും അത് മാനവരാശിയുടെ ആകെ സ്വത്താണെന്നും ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പറഞ്ഞു. ‘ബഹിരാകാശത്ത് നിങ്ങള്‍ എന്ത് കണ്ടെത്തിയാലും അത് എല്ലാവരുമായും പങ്കുവയ്ക്കണം എന്ന് പറയേണ്ടി വരും. അവിടെ സംഘര്‍ഷം തുടങ്ങും,’ അദ്ദേഹം ചൂണ്ടിക്കാട്ടി, തിരുവനന്തപുരം കനക്കുന്നില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ സ്‌പേസസ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശര്‍മ്മ.

കേരള സ്‌പേസ് പാര്‍ക്കില്‍, ഏറോസ്‌പേസ്‌സ്‌പേസ് മേഖലകളില്‍ വരാന്‍ പോകുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 22 ഏക്കര്‍ സ്ഥലത്ത് തുടങ്ങാന്‍ തീരുമാനിച്ച കേരള സ്‌പേസ് പാര്‍ക്കിനെ സംബന്ധിച്ചാണ് പ്രധാനമായും ഇരുവരും സംസാരിച്ചത്.

ബഹിരാകാശ എറോസ്‌പേസ് മേഖലക്ക് വരും കാലങ്ങളില്‍ വലിയ സാധ്യതയുള്ളതിനാല്‍ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തില്‍ വലിയ മനുഷ്യശക്തിയുള്ള കേരളത്തിന് ഇത് ഉപയോഗപ്പെടുത്താനാകുമെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും പ്രധാന സ്ഥാപനങ്ങളായ വി.എസ്.എസ്.സി, എല്‍.പി.എസ്.സി, ഐ.ഐ.എസ്.യു, ഐ.ഐ.എസ്.ടി എന്നിവ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ് എന്നതും കേരള സ്‌പേസ് പാര്‍ക്കിന്റെ വികസനത്തിന് സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഏറോസ്‌പേസിനാവശ്യമായ സങ്കീര്‍ണമായ പല ഉപകരണങ്ങളും ഘടകങ്ങളും താരതമ്യേന കുറഞ്ഞ ചെലവില്‍ ഇവിടെ ഉത്പാദിപ്പിക്കാനായാല്‍ കയറ്റുമതി സാധ്യതയും ഉണ്ടാകും. ലോകോത്തര ഗുണമേന്മ നിലനിര്‍ത്തുന്ന ഉപകരണങ്ങളിലൂടെ ഏറോസ്‌പേസ് മാര്‍ക്കറ്റില്‍ നമുക്ക് മത്സരിക്കാനുമാകും. ഈ മേഖലയിലേക്ക് സംരംഭകരെ ആകര്‍ഷിക്കുക വഴി അഭ്യസ്തവിദ്യരായ നിരവധി പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ധാരണാപത്രം ഐ.എസ്.ആര്‍.ഒയുമായി സര്‍ക്കാര്‍ ഒപ്പിട്ടുകഴിഞ്ഞു. ബഹിരാകാശ യാത്രയ്ക്കിടെ എട്ടു ദിവസം സ്‌പേസില്‍ കഴിഞ്ഞപ്പോഴുണ്ടായ രസകരമായ അനുഭവങ്ങള്‍ മുഖ്യമന്തിയുമായി രാകേഷ് ശര്‍മ്മ പങ്കിട്ടു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.