1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2019
 
സ്വന്തം ലേഖകന്‍: പാഠം പഠിച്ചു; സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് പാട്ടുകാരെ ഇഷ്ടമല്ലെന്ന് തോന്നുന്നുവെന്ന് ശ്രേയ ഘോഷാല്‍; വിവാദത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് വിമാന കമ്പനി. ബോളിവുഡ് മാത്രമല്ല, ലോകമൊട്ടാകെ അറിയപ്പെടുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷാവ്യത്യാസമില്ലാതെ സിനിമാ പിന്നണി ഗാനരംഗത്ത് ഇടവേളയില്ലാതെ പാടിക്കൊണ്ടേയിരിക്കുന്ന ശ്രേയ ഇന്ത്യയിലും വിദേശത്തുമൊക്ക നടക്കുന്ന സ്റ്റേജ് ഷോകളിലും തിളങ്ങാറുണ്ട്. ഒരു വിദേശയാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവം അവര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കു വെക്കുകയുണ്ടായി. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനെ ടാഗ് ചെയ്താണ് ശ്രേയയുടെ ട്വീറ്റ്.
 
‘സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് പാട്ടുകാരോട് വലിയ താല്പര്യമില്ലെന്ന് തോന്നുന്നു. പാട്ടുകാരെ മാത്രമല്ല, വിലപിടിപ്പുള്ള സംഗീതോപകരണവുമായി ആരും യാത്ര ചെയ്യുന്നത് അവര്‍ക്ക് താല്പര്യമില്ല. നന്ദിയുണ്ട്. ഇത് മനസിലാക്കിത്തന്നതിന്.’ ശ്രേയ ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ശ്രേയയുടെ ട്വീറ്റിന് പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. വളരെ നല്ല സേവനം കാഴ്ച്ചവെയ്ക്കുന്ന വിമാന സര്‍വീസ് ആയ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനെക്കുറിച്ച് ഇത് പ്രതീക്ഷിച്ചില്ലെന്നും ശ്രേയ ഇങ്ങനെ ട്വീറ്റ് ചെയ്യണമെങ്കില്‍ അത് അത്രയും മോശമായതിനാലാവുമെന്നും സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു.
 
ഇത് പല സംഗീതജ്ഞരുടെയും അനുഭവം തന്നെയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഉപകരണങ്ങളുമായി യാത്ര ചെയ്യാന്‍ അവര്‍ പലപ്പോഴും അനുമതി നല്‍കുമെങ്കിലും അവയുടെ പൂര്‍ണ ഉത്തരവാദിത്തം ഉടമയ്ക്കു തന്നെയാണെന്ന നിലയ്ക്കാണെന്നും ഒരിക്കല്‍ യാത്രക്കിടയില്‍ ഒരാളുടെ ഗിറ്റാര്‍ പൊട്ടിയിട്ടും അധികൃതര്‍ കണ്ടുവെന്ന് നടിച്ചില്ലെന്നും ട്വീറ്റുകളുണ്ട്. അതേ സമയം എയര്‍ലൈന്‍സ് ശ്രേയയോട് ക്ഷമ ചോദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ശ്രേയയ്ക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അധികൃതരുടെ പെരുമാറ്റത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കാമെന്നും എയര്‍ലൈന്‍സ് ഉറപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.