1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2011

പ്രത്യേക ലേഖകന്‍

സ്വാന്സീയിലും ഡെവനിലും സ്കോട്ട് ലാണ്ടിലും ആയി ഏഴു കെയര്‍ ഹോമുകള്‍ സ്വന്തമായുള്ള മലയാളി ഉടമസ്ഥതയില്‍ ഉള്ള കൈപ്പന്‍സ് കെയര്‍ ഗ്രൂപ്പ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും ഹോമുകള്‍ പൂട്ടുമെന്നുമുള്ള വാര്‍ത്തകള്‍ മലയാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരുന്നു.ഇത് സംബന്ധിച്ച പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പല കോണുകളില്‍ നിന്നും ഉയരുന്നപ്പോള്‍ സ്ഥാപന ഉടമ സോയി എന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍ കൈപ്പനെ ബന്ധപ്പെടാന്‍ NRI മലയാളി പ്രതിനിധികള്‍ ശ്രമിച്ചിരുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച സോയി തിരികെ യു കെയില്‍ എത്തുമെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച സന്ദേശം.അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒരു നിലപാടെടുക്കുന്നത് സോയിയുമായി സംസാരിച്ചിട്ടു മതി എന്ന് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ തീരുമാനിക്കുകയായിരുന്നു.

ഇരു ഭാഗത്തെയും തിരക്കുകള്‍ മൂലം സോയിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ചൊവ്വാഴ്ചയാണ്.സോയിയെ വിളിക്കാന്‍ ശ്രമിച്ച ആദ്യ കോള്‍ തന്നെ സോയി ആന്‍സര്‍ ചെയ്തിരുന്നു.സോയിക്ക് പരിചിതമല്ലാത്ത ഞങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ തന്നെ അദ്ദേഹം കോള്‍ അറ്റന്‍ഡ് ചെയ്തെങ്കില്‍ മറ്റു കോളുകളും അറ്റന്‍ഡ് ചെയ്യുമെന്നാണ് ഞങ്ങളുടെ വിശ്വാസം.അദ്ദേഹത്തിന്‍റെ കുടുംബത്തെ സംബന്ധിച്ച സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് മലയാളികളെ ബാധിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് തികച്ചും ബോധ്യമുള്ള കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചറിയാന്‍ ശ്രമിച്ചത്‌.തികച്ചും സൗഹൃദപരമായ ഞങ്ങളുടെ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള കേയര്‍ഹോമുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നു കേള്‍ക്കുന്നത് സത്യമാണോ ?

അതെ.ഞാന്‍ ഡയറക്ട്ടര്‍ ആയുള്ള കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള കെയര്‍ ഹോമുകള്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണ്.സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുള്ള സഹായത്തില്‍ കുറവുവന്നത് കെയര്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.യു കെയിലെ മുന്‍ നിര കെയര്‍ ഹോം ഗ്രൂപ്പായ സതേണ്‍ ക്രോസ് അടക്കമുള്ള കമ്പനികള്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണ്.ഈ രംഗത്തെ മാന്ദ്യം എന്‍റെ കമ്പനിയും ബാധിച്ചുവെന്ന് മാത്രം.നഷ്ട്ടം സഹിച്ചുകൊണ്ട് ഈ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലാത്തത് കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹോമുകള്‍ ബാങ്ക് ഏറ്റെടുത്തു.ഈ ഹോമുകള്‍ ആരെക്കൊണ്ടെങ്കിലും ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ബാങ്ക് നടത്തുന്നത്.ഞാന്‍ തന്നെ ഒരു ഓഫര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.ഇത് ഒരു പക്ഷെ ബാങ്ക് അംഗീകരിക്കുമെന്നാണ് എന്‍റെ വിശ്വാസം.യു കെയിലെ ഏതു ബിസിനസ് രംഗത്തും സര്‍വ സാധാരണമായ കാര്യമാണിത്.

ഏതെങ്കിലും ഹോമുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടോ ?

ഡെവണിലെ ഹോമോഴികെ വേറൊരു ഹോമും പൂട്ടില്ല.വിനോദ സഞ്ചാര കേന്ദ്രമായ ഡെവണില്‍ കേയര്‍ഹോം വേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൂടുതല്‍ ലാഭാകരമായതുകൊണ്ടുമാത്രമായിരിക്കും അതു പൂട്ടുക.ഇത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അവിടെ ജോലി ചെയ്യുന്ന സ്റ്റാഫിന് ഞാന്‍ നല്‍കിയിട്ടുണ്ട്.അതല്ലാതെ വേറൊരു ഹോമും പൂട്ടാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.

ഹോമുകള്‍ പൂട്ടുമ്പോള്‍ ആളുകള്‍ക്ക് ജോലി നഷ്ട്ടപ്പെടില്ലേ ?

ഹോമുകള്‍ പൂട്ടിയാല്‍ ജോലിക്കാര്‍ക്ക് റിസ്ക്‌ ഉണ്ടെന്നുള്ളത് സത്യമാണ്.എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം അവര്‍ക്ക് ജോലി മാറാന്‍ സാധിക്കും.പുതുതായി കെയറര്‍ വിസ അനുവദിക്കാത്തത് മൂലവും,സ്റ്റുഡന്‍റ് വിസയിലുള്ള കെയറര്‍മാര്‍ തിരികെ പോകുമെന്നതിനാലും പുതുതായി കെയറര്‍ ജോലി ലഭിക്കാന്‍ യാതൊരു ബുധിമുട്ടുമുണ്ടാവില്ല.പണി പോകുന്ന എന്‍റെ ജോലിക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്തുകയെന്നത് എന്‍റെ ഉത്തരവാദിത്വമാണ്.എന്‍റെ ബിസനസിന് എന്ത് സംഭവിച്ചാലും സ്റ്റാഫിന്റെ ജോലി ഞാന്‍ സംരക്ഷിച്ചിരിക്കും.

ഹോമുകള്‍ പൂട്ടുമ്പോള്‍ ജോലി നഷ്ട്ടപ്പെടുന്നവരെ താങ്കള്‍ എന്ത് ചെയ്യും ?

ഹോമുകള്‍ പൂട്ടുമ്പോള്‍ ജോലി പോകുന്നവര്‍ക്ക് പകരം സംവിധാനം ഞാന്‍ ഏര്‍പ്പെടുത്തും.എന്നില്‍ വിശ്വാസമര്‍പ്പിച്ചു വന്നവരെ ഞാന്‍ തീര്‍ച്ചയായും സംരക്ഷിക്കും.ഞാനും ഒരു നഴ്സാണ്.പതിനൊന്നു വര്‍ഷം മുന്‍പ് യു കെയില്‍ വന്നപ്പോള്‍ ഇതേ അവസ്ഥ ഞാനും അനുഭവിച്ചതാണ്.എന്‍റെ ഹോമില്‍ ജോലി പോകുന്നവര്‍ക്ക് പുതിയ ജോലി ഞാന്‍ കണ്ടെത്തും.ഇപ്പോള്‍ തന്നെ എട്ടോളം പേര്‍ക്ക് പുതിയ ജോലി ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.എന്‍റെ ഹോമിലെ ജോലിയുടെ കാര്യത്തില്‍ അവസാനതീരുമാനമാകാത്തത് കൊണ്ടാണ് അവരെ പുതിയ ജോലിയില്‍ ചേര്‍ക്കാത്തത്.എന്‍റെ ഹോമില്‍ അവരെ തുടരാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

പുതിയ ജോലിക്കുവേണ്ടി അവര്‍ പണം മുടക്കേണ്ടതുണ്ടോ ?

വിസയ്ക്കുമുള്ള ഫീസ്‌ അല്ലാതെ യാതൊന്നും അവര്‍ മുടക്കേണ്ടതില്ല.അയ്യായിരം പൌണ്ടോളം മുടക്കെണ്ടിവരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

താങ്കള്‍ അമിതമായി കമ്മീഷന്‍ വാങ്ങുന്നയാള്‍ ആണെന്നു പലര്‍ക്കും പരാതിയുണ്ടല്ലോ ?

ഞാന്‍ ആരുടെ കൈയ്യില്‍ നിന്നും അമിതമായി കമ്മീഷന്‍ വാങ്ങാറില്ല.എല്ലാവര്‍ക്കും ഉള്ളതുപോലെ എനിക്കും സബ് എജെന്റുമാര്‍ ഉണ്ട്.അവര്‍ എത്രമാത്രം പണം വാങ്ങുന്നുവെന്ന് എനിക്കറിയില്ല.അവര്‍ കൂടുതല്‍ പണം വാങ്ങുന്നതിന് ഞാന്‍ ഉത്തരവാദിയല്ല.

എങ്ങിനെയാണ് ഈ വിവാദങ്ങള്‍ ഉണ്ടായത്‌ ?

എന്‍റെ ഭാഗം കേള്‍ക്കാതെ ഊഹാപോഹങ്ങള്‍ പരത്തിയത് മൂലമാണ് ഈ വക വിവാദങ്ങള്‍ ഉണ്ടായത്.വാര്‍ത്ത കൊടുക്കുന്നതിനു മുന്‍പ്‌ ഞാനുമായി സംസാരിക്കാന്‍ മിനക്കെട്ടിരുന്നുവെങ്കില്‍ ഈവക പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു.
പരാതിയുണ്ടെന്നു പ്രചരിപ്പിക്കുന്ന ഒരാള്‍ പോലും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല.എന്നെ മനപൂര്‍വം കരിതേച്ചുകാണിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമാണിത്.

മേല്‍വിവരിച്ച കാര്യങ്ങള്‍ സോയിയുമായി നേരിട്ട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളാണ്.ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു ഞങ്ങള്‍ക്ക് തോന്നുന്നില്ല.ഇത് സംബന്ധിച്ച് ബാധിക്കപ്പെട്ട ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ സോയിയുമായി നേരിട്ട് ബന്ധപ്പെടുക.പണ്ട് നിങ്ങള്‍ ബന്ധപ്പെട്ടിരുന്ന നമ്പരുകളില്‍ അദ്ദേഹത്തെ ലഭിക്കുന്നില്ല അല്ലെങ്കില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അനുകൂലമായ മറുപടിയല്ല ലഭിക്കുന്നത് എങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക.സോയി അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ എജെന്റ്റ്‌ അമിതമായി പണം വാങ്ങിയെന്ന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കിലും ഞങ്ങളെ അറിയിക്കുക. contact@nrimalayalee.co.uk എന്ന വിലാസത്തില്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.