1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2011

എത്രത്തോളം ഉയരത്തിലാണോ വീഴുമ്പോള്‍ ആക്കം അത്രത്തോളം കൂടുകയും ചെയ്യും. ഇത് തന്നെയാണ് ബ്രിട്ടനിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ ലക്ഷ്മി മിത്തലിനും സംഭവിച്ചത്, കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് 164 ബില്യന്‍ പൌണ്ട് ബ്രിട്ടീഷ് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നു ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാവായ ലക്ഷ്മി മിത്തലിന് 2.16 ബില്യന്‍ പൌണ്ടെന്ന ഭീമമായ നഷ്ടമാണ് ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ടായിട്ടുള്ളത്. ഇതിനെ തുടര്‍ന്നു ലക്ഷ്മി മിത്തലിന്റെ കമ്പനിയായ ആര്‍സലര്‍ മിത്തലിന്റെ വില ഷെയര്‍ മാര്‍ക്കറ്റില്‍ 18 .7 ശതമാനം കുറഞ്ഞു. തന്മൂലം മിത്തലിന്റെ ആസ്തി 9 .7 ബില്യനായ് ചുരുങ്ങുകയും ചെയ്തു.

മിത്തലിന്റെ നേതൃത്വത്തിലുള്ള മിത്തല്‍ സ്റ്റീലും യൂറോപ്പിലെ ആഴ്‌സലറും തമ്മില്‍ ലയിച്ചാണ് 2006ല്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായ ആഴ്‌സലര്‍മിത്തല്‍ രൂപംകൊണ്ടത്. ഫോബ്‌സ് മാസികയുടെ 2011ലെ സമ്പന്ന പട്ടികയില്‍ ആറാം സ്ഥാനത്താണ് 60കാരനായ ലക്ഷ്മി മിത്തല്‍. ഇന്ത്യയിലും ബ്രിട്ടനിലും നിന്നുള്ളവരില്‍ ആദ്യ സ്ഥാനമാണ്. നിലവില്‍ അറുപതു രാജ്യങ്ങളിലായ് ഏതാണ്ട് 320 ,000 തൊഴിലാളികളാണ് ഇവര്‍ക്ക് കീഴിലുള്ളത്‌.

ഗ്ലെങ്കോര്‍ ഇന്റര്‍നാഷണലിന്റെ ഉടമയായ ഇവാന്‍ ഗ്ലെസന്ബെര്‍ഗിനു മിത്തലിനോളം ഇല്ലെങ്കിലും വന്‍ തിരിച്ചടി തന്നെയാണ് ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും ഉണ്ടായിട്ടുള്ളത്, ഷേര്‍ മാര്‍ക്കറ്റിലെ വില 15 .8 ശതമാനം കുറഞ്ഞതിനെ തുടര്‍ന്നു 788 മില്യന്‍ നഷ്ടമാണ് ഇവാന് മാര്‍ക്കറ്റില്‍ ഉണ്ടായത്. ഇതോടൊപ്പം തന്നെ സ്പോര്‍ട്ട്സ് ഡയരക്റ്റ് ഇന്റര്‍ നാഷനലിന്റെയും ന്യൂ കാസ്റ്റില്‍ ഫുട്ബോള്‍ ക്ലബിന്റെയും ഉടമയായ മൈക്ക് ആശ്ലിയ്ക്ക് 203 .4 മില്യന്‍ പൌണ്ടിന്റെ നഷ്ടവും ഈസി ജെറ്റ് ഉടമയായ സ്ട്ടീലിയോസ് ഹാജി-ലോന്നോയ്ക്ക് 54 മില്യന്റെ നഷ്ടവും കഴിഞ്ഞ ആഴ്ച ഉണ്ടായി. ഇവരില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കാര്‍ഫോണ്‍ വേര്‍ഹൌസ് സ്ഥാപകനായ ചാരീസ് ഡാന്‍സ്റ്റോനിന് 38 .6 മില്യനിന്റെ നഷ്ടവുമാണ് ഉണ്ടായിട്ടുള്ളത്.

ആഗോള സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധി യുകെയെയും കാര്യമായി ബാധിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. രാജ്യം സ്വന്തമായി തന്നെ നേരിടുന്ന പ്രതിസന്ധിക്കു പുറമേയാണ് ഈ ഇരട്ട തിരിച്ചടി. യുഎസ് ക്രെഡിറ്റ് റേറ്റിങ് ചരിത്രത്തിലാദ്യമായി ട്രിപ്പിള്‍ എയില്‍ നിന്നു ഡൗണ്‍ഗ്രേഡ് ചെയ്തിരുന്നു ഇതേ തുടര്‍ന്നാണ്‌ പ്രമുഖ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ആറു ദിവസം കൊണ്ട് 164 ബില്യന്‍ പൌണ്ട് നഷ്ടം ഉണ്ടായത്. ഇരട്ട മാന്ദ്യം ഒരിക്കലും മുന്‍കൂട്ടി കണ്ടിരുന്നതല്ലെന്ന് അലിസ്റ്റര്‍ ഡാര്‍ലിങ് പറഞ്ഞു. പ്രശ്‌നം രൂക്ഷമായതോടെ ഡേവിഡ് കാമറൂണും ജോര്‍ജ് ഓസ്‌ബോണും ഹോളിഡേ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്. ഇതിനിടെ എഫ്ടിഎസ് 100 കഴിഞ്ഞ ദിവസം 2.7 ശതമാനം കൂടി ഇടിഞ്ഞു. ഇതാണ് ആശങ്കകള്‍ രൂക്ഷമാക്കിയത്.

യൂറോസോണ്‍ പ്രതിസന്ധിയെത്തന്നെ വിദഗ്ധര്‍ ലോക സാമ്പത്തികരംഗത്തിന്റെ ബ്ലാക്ക് ഡെത്ത് എന്നാണു വിശേഷിപ്പിക്കുന്നത്. തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ വഴിതെറ്റിക്കാന്‍ ഇതു മാത്രം മതി. ഇതിനു പുറമേയാണ് ആഗോള പ്രതിസന്ധി രൂക്ഷമാകുന്നത്. യൂറോപ്യന്‍ നേതാക്കളില്‍ നിന്നു ശക്തമായ നടപടികളാണ് ഓസോബോണും കാമറൂണും ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് യൂറോപ്പ് ഗ്രീസിനു വേണ്ടി രക്ഷാ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഇതു വിപണികളെ ബാധിച്ചെന്നും ആകെയുള്ള പ്രതിസന്ധിക്കു രൂക്ഷത വര്‍ധിപ്പിച്ചെന്നുമാണ് വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥയെ കരകയറ്റാമെന്ന പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങളേറ്റിരിക്കുകയാണെന്ന് ട്രഷറി മിനിസ്റ്റര്‍ ജസ്റ്റിന്‍ ഗ്രീറ്റിങ് തന്നെ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.