1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2012

ലണ്ടന്‍ : പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നു. താല്‍ക്കാലികമായി ബീജോത്പാദനം തടസ്സപ്പെടുത്തുന്ന ഗുളികകളാണ് ഇത്. ലൈംഗിക ബന്ധത്തിന് യാതൊരു കോട്ടവും തട്ടാത്ത തരത്തിലാണ് ഇവ ബീജോത്പാദനം തടയുന്നത്. ആഴ്ചയിലോ ദിവസത്തിലോ കഴിക്കാവുന്ന ഈ മരുന്ന് കുടുംബാസൂത്രണത്തിന്റെ ഭാരം ഇരു ദമ്പതികളിലുമായി പങ്കുവെയ്ക്കാന്‍ സഹായിക്കുമെന്ന് മരുന്ന് കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതുവരെ പുരുഷന്‍മാര്‍ക്കായുളള ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തിയിരുന്നില്ല.

പുതുതായി കണ്ടെത്തിയ മരുന്നിന് യാതൊരു പാര്‍ശ്വഫലങ്ങളുമില്ലന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രവര്‍ത്തനം മൂലം ബീജോത്പാദനം താല്‍ക്കാലികമായി മാത്രമാണ് തടസ്സപ്പെടുന്നത്. ഗുളിക കഴിക്കുന്നത് നിര്‍ത്തി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ ബീജത്തിന്റെ ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയും. പുരുഷന്‍മാര്‍ക്കായുളള കോണ്‍ട്രാസെപ്റ്റീവ് പില്ലിന്റെ അഭാവമാണ് അബദ്ധത്തിലുളള ഗര്‍ഭത്തിന് ഒരു പ്രധാന കാരണം. പ്രത്യേകിച്ചും കൗമാരക്കാരുടെ ഇടയില്‍.

പുരുഷന്‍മാര്‍ക്കുളള കോണ്‍ട്രാസെപ്റ്റീവ് പില്‍ വരുന്നതോടെ ഇത്തരത്തില്‍ അബദ്ധത്തിലുളള ഗര്‍ഭം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. അതോടെ അബോര്‍ഷന്‍ ചെയ്യുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ആദ്യമായിട്ടാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് പകരം പുരുഷന് വേണ്ടിയുളള താല്‍ക്കാലിക ഗര്‍ഭനിരോധ മാര്‍ഗ്ഗമായ ഒരു കോണ്‍ട്രാസെപ്റ്റീവ് പില്‍ വികസിപ്പിച്ച് എടുക്കുന്നത്.

ജെക്യൂ1 എന്ന് പേരിട്ടിട്ടുളള ഈ ഗുളിക ഹോര്‍മോണ്‍ ഇല്ലാത്തതാണ്. ബീജോത്പാദനത്തിന്റെ പ്രധാനപ്പെട്ട സ്റ്റേജിനെ തടയുകയാണ് ഇവ ചെയ്യുന്നത്. എലികളിലാണ് ഇതിന്റെ ആദ്യപരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബീജോത്പാദനം തടയുന്നുണ്ടെങ്കിലും അത് ലൈംഗികജീവതത്തെ മോശമായി ബാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണം. ബീജോത്പാജനത്തിന്റെ പ്രധാനപ്പെട്ട സ്റ്റേജില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഈ മരുന്ന് ബീജത്തിന്റെ വേഗത കുറച്ചുകൊണ്ട് അണ്ഡവുമായുളള സംയോജനം തടയുകയാണ് ചെയ്യുന്നത്. എന്നാല്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ആരോഗ്യമുളള ബീജം ഉത്പാദിപ്പിച്ച് തുടങ്ങും.

ഇതാദ്യമായാണ് ഗുളിക രൂപത്തിലുളള ഒരു പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗം വികസിപ്പിച്ചെടുക്കുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. എന്നാല്‍ ഗുളിക കഴിക്കുന്നത് മൂലം പൂര്‍ണ്ണമായി ബീജോത്പാദനം തടസ്സപ്പെടുന്നില്ല എന്നൊരു പ്രത്യേകത കൂടി ഇവയ്ക്കുണ്ട്. അമരിക്കന്‍ ഗവണ്‍മെന്റാണ് ഇതുസംബന്ധിച്ച പഠനത്തിനായി പണം നല്‍കിയത്. എന്നാല്‍ ഇത് മനുഷ്യനില്‍ പരീക്ഷിച്ച ശേഷമേ എത്രത്തോളം ഫലപ്രദമാണന്ന് ഉറപ്പിച്ച് പറയാന്‍ കഴിയൂ. അതിനാല്‍ തന്നെ പുരുഷന്‍മാര്‍ക്കുളള കോണ്‍ട്രാസെപ്റ്റീവ് പില്‍ വിപണിയിലെത്താന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.