1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: സൗദി എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണം ഇറാന്റെ യുദ്ധത്തിനായുള്ള നീക്കമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ആക്രമണത്തില്‍ ഇറാന്റെ പങ്കിനെക്കുറിച്ചുള്ള അഭ്യൂഹം നിലനില്‍ക്കെ, ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് മൈക്ക് പോംപിയോ ഉറപ്പിച്ചു പറയുന്നു.

“ഇത് ഒരു ഇറാനിയന്‍ ആക്രമണം തന്നെയാണ്. മുമ്പത്തെക്കാളും ശക്തിയേറിയ ആക്രമണം,” പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കാണിച്ചിരുന്നു. വടക്കുനിന്നാണ് ഡ്രോണുകള്‍ വന്നതെന്ന് സൗദി സൈനിക വക്താവു പറയുന്നു. സൗദിയുടെ വടക്കു ഭാഗത്താണ് ഇറാനും ഇറാഖും. ഇതാണ് ആക്രമണം ഇറാനാണ് നടത്തിയതെന്ന് സൗദി ഉറപ്പിച്ചു പറയാന്‍ കാരണം.

തങ്ങൾക്കെതിരെ സൈനിക നടപടിക്ക് അമേരിക്ക മുതിർന്നാൽ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്ന് ഇറാൻ. സൗദി അരാംകോക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് സൗദി സൈനിക വക്താവ് സ്ഥിരീകരിച്ചതിനു പിന്നാലെ, ഇറാനെതിരെ സൈനിക നീക്കമുണ്ടാകുമെന്ന് അമേരിക്ക സൂചന നൽകിയിരുന്നു. സൈനിക നീക്കമുണ്ടായാൽ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.

“ഗൗരവമുള്ള ഒരു പ്രസ്താവനയാണ് ഞാൻ നടത്തുന്നത്. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. സൈനിക ഏറ്റുമുട്ടലിൽ ഏർപ്പെടാൻ ഞങ്ങൾക്ക് താൽപര്യവുമില്ല. പക്ഷേ, ഞങ്ങളുടെ പ്രദേശം കണ്ണിമ ചിമ്മാതെ ഞങ്ങൾ പ്രതിരോധിക്കും,” സരിഫ് പറഞ്ഞു. അമേരിക്ക ആക്രമണം നടത്തിയാൽ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.