1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2018

സ്വന്തം ലേഖകന്‍: സൗദി, കാനഡ നയതന്ത്ര ബന്ധം ഉലയുന്നു; സൗദിയ്ക്ക് പിന്തുണയുമായി അറബ് രാജ്യങ്ങള്‍. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു എന്ന് കാണിച്ച് കാനഡയ്‌ക്കെതിരെ സൗദി അറേബ്യ കൈക്കൊണ്ട നടപടിയെ പിന്തുണച്ച് കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് കാനഡയുടെ പ്രവൃത്തിയെന്ന് യുഎഇയും അറബ് ലീഗും വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കാനഡയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാര ബന്ധം വിച്ഛേദിച്ച അവര്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും ഉത്തരവിട്ടിരുന്നു.

കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് കാനഡയില്‍ സൗദി സ്‌ക്കോളര്‍ഷിപ്പോടു കൂടി പഠിക്കുന്ന 20,000 വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും തിരിച്ചുവിളിക്കുകയും യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ തുടര്‍ വിദ്യാഭ്യസത്തിന് സൗകര്യമുണ്ടാക്കുമെന്ന് അറിയിക്കുകയുമായിരുന്നു. കാനഡയിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിരുന്നു.

അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയിലലടക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന കാനഡയുടെ നിലപാട് അത്ഭുതമുളവാക്കുന്നുവെന്നും സൗദി പറയുന്നു. എന്നാല്‍ സൗദിയുടെ നടപടിയില്‍ വ്യക്തത ആവശ്യമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ എന്നും നിലകൊള്ളുമെന്നും മറുപടി പ്രസ്താവനയില്‍ കാനഡ പറഞ്ഞിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.