1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2019

സ്വന്തം ലേഖകന്‍: നടി സായ് പല്ലവി ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞ വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഈയിടെ ബിഹൈന്റ് വുഡ്‌സ് തെലുങ്കിന് നല്‍കിയ അഭിമുഖത്തിനിടെ താരം താന്‍ രണ്ടു കോടി രൂപയുടെ ഫെയര്‍നെസ് ക്രീം പരസ്യം നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി.

‘ഇത് ഇന്ത്യയുടെ നിറമാണ്.’സായ് പല്ലവി പറഞ്ഞു തുടങ്ങി. ‘വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു നമുക്കു ചോദിക്കാനാവില്ലല്ലോ. വെളുത്തിരിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ എളുപ്പമാണെന്നും മറ്റും അവരോട് ചെന്നു പറയാനുമാകില്ല. അവരുടെ തൊലിയുടെ നിറം നമുക്ക് വേണമെന്നും അവകാശപ്പെടാന്‍ പറ്റില്ല. അത് അവരുടെ നിറമാണ്.

ആഫ്രിക്കക്കാര്‍ക്കും അവരുടേതായ നിറമാണ്. അവരതില്‍ സൗന്ദര്യമുള്ളവരുമാണ്. അത്തരമൊരു പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് താന്‍ എന്തു ചെയ്യാനാണെന്നും സായ് പല്ലവി ചോദിക്കുന്നു. വീട്ടില്‍ പോയി മൂന്ന് ചപ്പാത്തി കഴിക്കും. അതുമല്ലെങ്കില്‍ ചോറ്. പിന്നെ കാറില്‍ നാടു ചുറ്റും.’ ഇതൊന്നുമല്ലാതെ തനിക്ക് വലിയ മോഹങ്ങളൊന്നുമില്ലെന്നും സായ് പല്ലവി തുറന്നു പറഞ്ഞു.

ചെറുപ്പത്തില്‍ സഹോദരിക്ക് തന്നേക്കാള്‍ നിറം കുറവാണെന്ന അപകര്‍ഷതാബോധം ഉണ്ടായിരുന്നുവെന്നും നിറം വെയ്ക്കാന്‍ എന്തു ചെയ്യണമെന്ന് തന്നോട് ചോദിക്കുമായിരുന്നുവെന്നും സായ് പല്ലവി ഓര്‍ക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ നിറം വെയ്ക്കുമെന്ന് സഹോദരിയോട് പറഞ്ഞു. സഹോദരി പൂജ അത് അതേപടി അനുസരിക്കുന്നത് കണ്ട് താനൊരുപാട് അസ്വസ്ഥയായിട്ടുണ്ടെന്നും നടി പറയുന്നു. തന്നേക്കാള്‍ അഞ്ചു വയസു ചെറുപ്പമുള്ള സഹോദരിയില്‍ തന്റെ ഉപദേശം ചെലുത്തിയ സ്വാധീനം തന്നിലും വലിയ മാറ്റമുണ്ടാക്കിയെന്ന് സായ് പല്ലവി പറയുന്നു.

ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ നിന്നുള്ള വരുമാനം തനിക്ക് ആവശ്യമില്ലെന്ന് ആവര്‍ത്തിക്കുന്നതോടൊപ്പം തന്റെ ചുറ്റുമുളളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സായ് പല്ലവിയ്ക്കു പുറമെ അഭയ് ഡിയോള്‍, കങ്കണ റണൗത്ത്, സോനം കപൂര്‍, നന്ദിതാ ദാസ് തുടങ്ങിയവരും ഫെയര്‍നെസ് ക്രീം പരസ്യങ്ങള്‍ക്കെതിരെ മുമ്പും രംഗത്തു വന്നിട്ടുണ്ട്. സ്ത്രീകളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നവയാണ് അത്തരം പരസ്യങ്ങളെന്നാണ് നന്ദിത ദാസ് അഭിപ്രായപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.