1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2019

സ്വന്തം ലേഖകന്‍: റുവാണ്ടന്‍ കൂട്ടക്കൊലയ്ക്ക് ഇരുപത്തഞ്ച് വയസ്; കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായ എട്ടു ലക്ഷം ടുറ്റ്‌സികളെ അനുസ്മരിച്ച് റുവാണ്ട. ന്യൂനപക്ഷ ടുറ്റ്‌സി ഗോത്രത്തിലെ എട്ടു ലക്ഷം പേരാണ് 1994 ഏപ്രില്‍ ഏഴു മുതല്‍ ജൂലൈ 14 വരെയുള്ള നൂറു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. റുവാണ്ടന്‍ ജനത വീണ്ടും ഒരു കുടുംബമായിരിക്കുകയാണെന്ന് കിഗാലിയിലെ കൂട്ടക്കൊല സ്മാരകത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് പോള്‍ കഗാമെ പറഞ്ഞു.രണ്ടരലക്ഷം ടുറ്റ്‌സികളെ സംസ്‌കരിച്ചിരിക്കുന്ന സ്ഥലത്താണ് സ്മാരകം പണിതീര്‍ത്തിരിക്കുന്നത്.

പ്രസിഡന്റ് കഗാമെ, പ്രഥമ വനിത ജാനെറ്റ്, ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മൂസ ഫാഗി മഹ്മത്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജുംഗര്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിച്ചു. ഛാഡ്, ജിബൂട്ടി, നൈജര്‍,ബല്‍ജിയം, കാനഡ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

1994 ഏപ്രില്‍ ആറിന് റുവാണ്ടന്‍ പ്രസിഡന്റ് ഹുവനല്‍ ഹാബിറമാന സഞ്ചരിച്ച വിമാനം വെടിവച്ചിട്ട സംഭവത്തെത്തുടര്‍ന്നാണ് കൂട്ടനരഹത്യ അരങ്ങേറിയത്. ഹുടു വംശജനായ ഹാബിറമാന കൊല്ലപ്പെട്ടു. ന്യൂനപക്ഷ ടുറ്റ്‌സികളാണ് വിമാനം വീഴ്ത്തിയതെന്ന് ആരോപിക്കപ്പെട്ടു. പിറ്റേന്ന് ഹുടു വിഭാഗക്കാര്‍ ടുറ്റ്‌സികളെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങി. ടുറ്റ്‌സികള്‍ക്ക് അഭയംനല്‍കിയ ഹുടു വിഭാഗക്കാരും കൊല്ലപ്പെട്ടു. ടുറ്റ്‌സി വിഭാഗത്തിലെ 75 ശതമാനം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായി. രാജ്യത്തെ ജനസംഖ്യയുടെ പത്തിലൊന്നും ഇല്ലാതായി.

ഇന്ന് ടുറ്റ്‌സികളും ഹുടുകളും ഒരുമിച്ചു പാര്‍ക്കുന്ന നിരവധി ഗ്രാമങ്ങള്‍ റുവാണ്ടയിലുണ്ട്. പ്രസിഡന്റ് പോള്‍ കഗാമെ മുന്‍കൈയെടുത്തു നടത്തിയ അനുരഞ്ജന ശ്രമങ്ങളുടെ ഫലമാണ് ഈ ഗ്രാമങ്ങള്‍. ഇരുപത്തഞ്ചു വര്‍ഷം മുന്പ് അയല്‍ക്കാരനായ ടുറ്റ്‌സിയെ കഷണം കഷണമായി വെട്ടിക്കൊന്ന കഥ ഒരു ഗ്രാമത്തിലിരുന്ന് ടാസിയെ എന്‍കുടിയ എന്ന ഹുടു ഓര്‍ത്തെടുത്തു. കൊല്ലപ്പെട്ടയാളുടെ ഭാര്യ ലോറന്‍സിയ ഇന്ന് എന്‍കുടിയയുടെ അയല്‍ക്കാരിയാണ്.

കൊലപാതകത്തിന് എട്ടു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയ എന്‍കുടിയയോടു ക്ഷമിക്കാന്‍ ലോറന്‍സിയ തയാറായി. ഇരുവരും ഇന്നു സുഹൃത്തുക്കളാണ്. ഇവരുടെ മക്കള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു. പേരക്കുട്ടികള്‍ ഒരുമിച്ചു കളിക്കുന്നു. മൊത്തം ആറ് അനുരഞ്ജന ഗ്രാമങ്ങളാണ് റുവാണ്ടയിലുള്ളത്. ജയില്‍ശിക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പരസ്യമായി മാപ്പുചോദിച്ച് സാമൂഹിക ജീവിതത്തിലേക്കു മടങ്ങിവരാം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കൊലപാതകികള്‍ക്കു മാപ്പു നല്കുന്നതിലാണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.