1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ ജയം. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഷോട്ടിലൂടെ കൊളറോവ് പോസ്റ്റിലെത്തിക്കുകയായിരുന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഇരുടീമും ഗോളിനായി നിരവധി മുന്നേറ്റം നടത്തി. കോസ്റ്ററീക്ക പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച് കൗണ്ടര്‍ അറ്റാക്കിന് ശ്രമം നടത്തിയപ്പോള്‍ സെര്‍ബിയ നിരന്തര മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഇതിനിടെയാണ് വീണുകിട്ടിയ ഫ്രീകിക്ക് 23 മീറ്റര്‍ അകലെനിന്ന് മനോഹരമായ ഷോട്ടിലൂടെ ക്യാപ്റ്റന്‍ കൊളറോവ് വലയിലാക്കിയത്.

ആവേശകരമായ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി മെക്‌സിക്കോക്ക് മുമ്പില്‍ കൊമ്പുകുത്തി. 35 മത്തെ മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ജര്‍മനിയെ തകര്‍ത്തത് . ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോ മുന്നിലെത്തി. ഗോള്‍ നേടാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്‌സിക്കോ തടുത്തുനിര്‍ത്തിയത്. ഇതാദ്യമായാണ് ജര്‍മനി കിരീടം നേടിയശേഷം ആദ്യ മത്സരത്തില്‍ തന്നെ ജര്‍മനി തോല്‍ക്കുന്നത്.

കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ രണ്ട് ജര്‍മന്‍ താരങ്ങളെ കബളിപ്പിച്ചായിരുന്നു ലൊസാനോയുടെ ഗോള്‍. സമനില ഗോളിനായുള്ള ജര്‍മനിയുടെ നിരന്തര മുന്നേറ്റങ്ങളെല്ലാം മെക്‌സിക്കന്‍ മതിലില്‍ തട്ടി തകര്‍ന്നതോടെ ഒരിക്കലും മറക്കാനാകാത്ത തോല്‍വിയുമായി ജര്‍മനിയുടെ ലോകകപ്പിന് തുടക്കമായി.

ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ സമനിലയില്‍ കുടുങ്ങി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 35 മത്തെ മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നില്‍ക്കയറിയ ബ്രസീലിനെ 50 മത്തെ മിനിറ്റില്‍ സ്യൂബര്‍ നേടിയ ഗോളിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് സമ്മര്‍ദത്തിലാക്കി.

ആദ്യ അരമണിക്കൂറില്‍ കളം നിറഞ്ഞ പ്രകടനമായിരുന്നു ബ്രസീലിന്റേത്. സ്വിസ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ബ്രസീല്‍ താരങ്ങള്‍ ഏതുനിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. കഠിനാധ്വാനം ചെയ്ത സ്വിസ് നിര തിരിച്ചടിച്ചതോടെ മഞ്ഞപ്പടയ്ക്ക് താളംതെറ്റുകയായിരുന്നു. വിജയഗോളിനായി ബ്രസീല്‍ എല്ലാം മറന്നു പൊരുതിനോക്കിയെങ്കിലും സ്വിസ് ടീം ഉറച്ച പ്രതിരോധം തീര്‍ത്തതോടെ ബ്രസീല്‍ ആരാധകര്‍ക്ക് നിരാശഭരിതമായ തുടക്കമായി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.