1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2019

സ്വന്തം ലേഖകന്‍: വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു. ‘വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. മലയാളത്തിലായിരുന്നു ട്വീറ്റ്.

കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. 431,770 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. അതേസമയം വയനാട്ടില്‍ ജയിച്ച രാഹുല്‍ അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് തോറ്റു. അമേഠിയില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒന്നോ രണ്ടോ റൗണ്ടിലൊഴികെ ബാക്കിയുള്ള എല്ലാ ഘട്ടത്തിലും ലീഡ് നിലനിര്‍ത്തിയത് സ്മൃതിയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. എന്‍.ഡി.എ 349 സീറ്റാണ് പിടിച്ചത്. കോണ്‍ഗ്രസിന് 52 സീറ്റും യു.പി.എയ്ക്ക് 85 സീറ്റുകളുമാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുറച്ച് രാഹുല്‍ ഗാന്ധി. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി രാഹുല്‍ രാജിക്കാര്യം സംസാരിച്ചതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്താസമ്മേളനം വിളിച്ച് രാജിക്കാര്യം അറിയിക്കാനാണ് തീരുമാനം. മെയ് 25 ന് നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നാളെ അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരുന്നത് രാജിക്കാര്യം തീരുമാനിക്കാനാണെന്നും പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കാനാണ് സോണിയ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.