1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2017

സ്വന്തം ലേഖകന്‍: പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സമരത്തെ പോലീസ് നേരിട്ട രീതി പ്രാകൃതവും മനുഷ്യത്വ രഹിതവുമെന്ന ആരോപണം ശക്തം, സമരം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി, പ്രതിരോധത്തിലായി സര്‍ക്കാര്‍. പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ജംഗ്ഷന് സമീപം വച്ച് പുതുവൈപ്പ് സമര പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുന്നൂറിലേറെ പേരെ അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവമാണ് വിവാദമായത്. പുതുവൈപ്പിനില്‍ നിര്‍മാണം നടക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റ് തങ്ങളുടെ ജീവനെയും ജീവിതത്തെയും ബാധിക്കുമെന്ന ഭയത്താലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ ഇവിടെ സമരം ചെയ്യുന്നത്.

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ കടല്‍ക്കരയില്‍ നിന്ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥയിലുള്ള ഭൂമിയിലാണ് ഐഒസി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ടാങ്ക് നിര്‍മിക്കുന്നത്. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്നും പൈപ്പ് വഴി ഇവിടെയെത്തിച്ച് ഭൂമിക്കടിയില്‍ പൂര്‍ണമായും കുഴിച്ചിടുന്ന ടാങ്കറുകളില്‍ സ്റ്റോര്‍ ചെയ്ത് അത് ടാങ്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഈ പ്ലാന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ കടല്‍ത്തിര വന്നടിക്കുന്ന ഇന്റല്‍ ടൈഡ് സോണില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. ഓരോ വര്‍ഷവും 23 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണിതെന്ന് നാട്ടുകാര്‍ പറയുന്നു.നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍ നിന്നും പത്ത് മീറ്റര്‍ അകലെയുണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചുകയറി മതില്‍ നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നു.

കടല്‍ക്ഷോഭം മൂലം മതിലിന് ദിനംപ്രതിയുണ്ടാകുന്ന ശക്തിക്ഷയമാണ് ഇവിടുത്തെ നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും ഇവിടുത്തെ മത്സ്യസമ്പത്തിനെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. എല്‍എന്‍ജി ടെര്‍മിലിന്റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ ജീവിതത്തെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് മുഖ്യമായും ജനങ്ങള്‍ ഉയര്‍ത്തുന്നത്.

പദ്ധതി മേഖലയിലെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥിതിയെയും തകിടം മറിക്കുന്നെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയുള്ള സമരത്തിന്റെ ആവശ്യം പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ്. അതേസമയം, പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ബുധനാഴ്ച മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയും നടത്തും.പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 19 ന് എറണാകുളം ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ നടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.