1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

തിരുവനന്തപുരം: കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിക്ക് അംഗീകാരം. നോര്‍ക്കറൂട്‌സിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗം പദ്ധതിക്ക് അന്തിമാംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതോടെ പദ്ധതി നിലവില്‍ വരും. ഒരാഴ്ചക്കകം ഉത്തരവുണ്ടാകും. സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പക്ക് 20 ശതമാനം വരെ സബ്‌സിഡി നല്‍കും വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അതേസമയം സബ്‌സിഡി ലഭിക്കാന്‍ വരുമാന പരിധി ഒഴിവാക്കിയത് ഇടത്തരം പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
20-25 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സബ്‌സിഡി ലഭിക്കും. പരമാവധി അഞ്ച് ലക്ഷം രൂപയാണ് സബ്‌സിഡി. വായ്പകള്‍ അംഗീകൃത ബാങ്കുകളില്‍ നിന്നോ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നിക്ഷേപകര്‍ തന്നെ ലഭ്യമാക്കണം. പദ്ധതികളുടെ പ്രായോഗികതയും മറ്റും പരിശോധിക്കുന്നതും ബാങ്കുകളായിരിക്കും. ബാങ്കുകള്‍ അനുവദിക്കുന്ന ഏത് പദ്ധതിയും നോര്‍ക്ക അംഗീകരിക്കും. പ്രവാസിയാണെന്ന സാക്ഷ്യപത്രം നോര്‍ക്ക നല്‍കും. 80 ശതമാനം വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ ബാക്കി തുക സബ്‌സിഡിയായി നോര്‍ക്ക ബാങ്കിന് നല്‍കും. ബാങ്കുകള്‍ അനുവദിക്കുന്ന വായ്പക്ക് സബ്‌സിഡി നല്‍കുക മാത്രമാണ് നോര്‍ക്കയുടെ ചുമതല. വായ്പ ലഭ്യമാക്കാനോ മറ്റ് സാമ്പത്തിക ബാധ്യതകള്‍ വഹിക്കാനോ സഹായമുണ്ടാകില്ല.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെങ്കിലും ഇതിനായി രണ്ട് കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. അതിനാല്‍ അമ്പതില്‍ താഴെ പ്രവാസികള്‍ക്ക് മാത്രമാകും ഇക്കൊല്ലം ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതി വിജയകരമായാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമാക്കുമെന്ന് നോര്‍ക്ക മേധാവികള്‍ വ്യക്തമാക്കി. പുനരധിവാസ പദ്ധതിയില്‍ വായ്പ എടുക്കാവുന്ന നിക്ഷേപകര്‍ക്ക് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല. മൂന്ന് ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന നിര്‍ദേശം. കോര്‍ കമ്മിറ്റി ഇത് ഒഴിവാക്കി. ഇത് ചെറുകിടഇടത്തരം നിക്ഷേപകര്‍ പദ്ധതിയില്‍ നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്കയുയര്‍ത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.