1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2019

സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം; ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകളുണര്‍ത്തി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ തരംഗം; ജി20 രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്താന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അഭിവാദ്യമര്‍പ്പിച്ച് സംഘടിപ്പിച്ച റോഡ് ഷോയില്‍ വഴിയിലുടനീളം സ്വീകരണവുമായി പ്രവര്‍ത്തകരെത്തി.

രാഹുലിനും പ്രിയങ്കയ്ക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ നേതാക്കളെ വരവേറ്റത്. വഴിയിലുടനീളം പ്രിയങ്കയുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രകടനം. പ്രിയങ്കയില്‍ ഇന്ദിരാ ഗാന്ധിയെ കാണുന്നതായി യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇന്ദിര ഗാന്ധി തിരിച്ചുവന്ന പോലെ തോന്നുന്നു. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും പ്രിയങ്ക യു.പി മുഖ്യമന്ത്രിയാകണമെന്നുമാണ് സംസ്ഥാനത്തെ കര്‍ഷകരുടെ ആഗ്രഹം,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്‌ഷോയുടെ ഭാഗമാകുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് യു.പി.സി.സി ആസ്ഥാനത്തേക്കാണ് യാത്ര. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്നു. ലഖ്‌നൗവില്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വിവിധ മണ്ഡലങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, നിലവിലെ സാഹചര്യങ്ങള്‍, തുടങ്ങിയവ വിലയിരുത്തും. ഇതിനുശേഷമായിരിക്കും പ്രചാരണ പരിപാടികളും തുടര്‍പ്രവര്‍ത്തനങ്ങളും നിശ്ചയിക്കുക.

പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജി20 രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി മുംബൈ താജ് ഹോട്ടലില്‍ രാഷ്ട്ര പ്രതിനിധികള്‍ക്കായി വിരുന്ന് ഒരുക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ജി20 രാഷ്ട്രങ്ങളിലെ നയതന്ത്രജ്ഞര്‍ക്ക് മാത്രമാണ് കൂടിക്കാഴ്ച്ചയിലേക്ക് ക്ഷണമുള്ളത്. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധമടക്കം, പ്രമാദമായ വിഷയങ്ങളില്‍ തന്റെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കാനാണ് രാഹുല്‍ കൂടിക്കാഴ്ച്ചക്കടിയില്‍ ശ്രമിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.