1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2019

സ്വന്തം ലേഖകന്‍: ‘മുന്‍കാമുകന്റെ വിമാനത്തില്‍ പ്രീതി സിന്റയെ വിലക്കിയോ?’ വിവാദത്തില്‍ വിശദീകരണവുമായി ഗോ എയര്‍. നടി പ്രീതി സിന്‍ഡയും വ്യവസായി നെസ് വാഡിയയുമായുള്ള പ്രണയം ഒരു കാലത്ത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ പൊതു വേദികളിലും ഐ.പി.എല്‍ മത്സരങ്ങളിലും ഒരുമിച്ചെത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ പ്രീതിയും വാഡിയയും ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. നിലവില്‍ കിങ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥരാണ് ഇവര്‍.

2014 ല്‍ പ്രീതിയും വാഡിയയും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചില്‍ സംഭവിച്ചു. തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രീതി വാഡിയക്കെതിരേ പോലീസില്‍ പരാതി നല്‍കിയത് വലിയ വിവാദമായി മാറി. 2016 ഫെബ്രുവരില്‍ അമേരിക്കന്‍ സ്വദേശിയ ജീന്‍ ഡുഗ്ഇനഫിനെ പ്രീതി വിവാഹം കഴിക്കുകയും ചെയ്തു.

വിമാന കമ്പനിയായ ഗോ എയറിന്റെ സഹ ഉടമസ്ഥരില്‍ ഒരാള്‍ കൂടിയാണ് വാഡിയ. അദ്ദേഹത്തിന്റെ സഹോദരന്‍ ജഹാംഗീറാണ് ഗോ എയറിന്റെ മനേജിങ് ഡയറക്ടര്‍. ഈയിടെ പ്രീതിയെ ഗോ എയറില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് സ്ഥാപനം. തങ്ങള്‍ക്കെതിരേ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗോ എയര്‍ വ്യക്തമാക്കി.

സംഭവ ദിവസം രാവിലെ 8:30 ന് മുന്‍പ് ബോര്‍ഡിങ് പാസ് വാങ്ങേണ്ടിയിരുന്ന പ്രീതി വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയത്. അധികൃതര്‍ ബോര്‍ഡിങ് പാസ് നിഷേധിച്ചപ്പോള്‍ പ്രീതി കാരണം ചോദിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വാഡിയ ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ വാഡിയയുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് നടിക്ക് യാത്ര നിഷേധിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് ഗോ എയര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

മാര്‍ച്ച് 30, എപ്രില്‍ 2 ദിവസങ്ങളില്‍ പ്രീതി ഗോ എയറിലാണ് യാത്ര ചെയ്തത്. മുംബൈ ചണ്ഡീഗഢ്, മുംബൈ ജമ്മു എന്നിങ്ങനെയായിരുന്നു യാത്ര. സംഭവ ദിവസം പ്രീതി നേരം വൈകിയത് കൊണ്ടാണ് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നും ഗോ എയര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.