1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2019

സ്വന്തം ലേഖകന്‍: മദര്‍ ദൈവസ്‌നേഹത്തിന്റെ സാക്ഷി; വിശുദ്ധ മദര്‍ മദര്‍ തെരേസയ്ക്ക് ജന്മനാട്ടില്‍ മാര്‍പാപ്പയുടെ ആദരം. പാവങ്ങളില്‍ പാവങ്ങളായവരോട് ദൈവത്തിനുള്ള സ്‌നേഹത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു വിശുദ്ധ മദര്‍ തെരേസയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വടക്കന്‍ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്യേയില്‍ മദറിന്റെ ജന്മസ്ഥലത്തുള്ള സ്മാരകത്തിലെ ചാപ്പലില്‍ പ്രാര്‍ഥിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മദര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭയിലെ കന്യാസ്ത്രീകള്‍ മാര്‍പാപ്പയെ സ്വീകരിച്ചു.

പാവപ്പെട്ടവരില്‍ ദൈവപുത്രന്റെ മുഖം ദര്‍ശിക്കാന്‍ മദറിനായി. നീതിക്കായി ദാഹിക്കുന്നവരുടെ ശബ്ദമായിരുന്നു മദര്‍. അഗതികളെയും നിസ്സഹായരെയും സഹായിക്കണമെന്ന് മദര്‍ പഠിച്ചത് ഈ സ്ഥലത്തുവച്ചാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അനാഥരുടെയും പരിത്യക്തരുടെയും നിലവിളിക്കു കാതോര്‍ക്കാനുള്ള കൃപ എല്ലാവര്‍ക്കും ലഭിക്കാന്‍ മദറിന്റെ മാധ്യസ്ഥ്യം തേടി മാര്‍പാപ്പ പ്രാര്‍ഥിച്ചു.

മദര്‍ തെരേസ പതിനെട്ടു വയസുവരെ ജീവിച്ചത് സ്‌കോപ്യേയിലാണ്. മദര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച പള്ളി 1963ലെ ഭൂകന്പത്തില്‍ തകര്‍ന്നു. 2009ല്‍ ഇവിടെ മദറിനായി സ്മാരകം നിര്‍മിക്കുകയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളുമായും അവരെ ആശ്രയിച്ചു കഴിയുന്ന അഗതികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. മദറിന്റെ രണ്ടു ബന്ധുക്കളും അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നു വത്തിക്കാന്‍ അറിയിച്ചു.

ബള്‍ഗേറിയയിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷമാണ് മാര്‍പാപ്പ വടക്കന്‍ മാസിഡോണിയയിലെത്തിയത്. ആദ്യമായാണ് ഒരു മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തുന്നത്. പ്രസിഡന്റ് ഇവാനോവുമായി ചര്‍ച്ച നടത്തി. പത്തുമണിക്കൂറിനുശേഷം മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.