1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2019

സ്വന്തം ലേഖകന്‍: ‘അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയിലെ കുട്ടികളെ കൊല്ലാന്‍ ആയുധങ്ങള്‍ കച്ചവടം നടത്തുന്നു; ഇത് ചോദ്യം ചെയ്യപ്പെടണം,’ അപ്രിയ സത്യം തുറന്നടിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സിറിയയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം യുദ്ധത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉത്തരവാദികളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആയുധ വില്‍പനയിലൂടെ ഈ രാജ്യങ്ങളില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് സമ്പന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

‘ധനികരായ അമേരിക്കയും യൂറോപ്പും കുട്ടികളെയും മുതിര്‍ന്നവരെയും കൊല്ലാനുള്ള ആയുധങ്ങള്‍ വില്‍ക്കുകയാണ്.ഭയപ്പെടാതെ ഇക്കാര്യം പറയാന്‍ തയ്യാറാവണം. നിങ്ങള്‍ യുവാക്കള്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ചെറുപ്പക്കാരല്ല. നിങ്ങളുടെ ഹൃദയങ്ങളെ വേവലാതിപ്പെടുത്തുന്ന എന്തോ ഒന്ന് നഷ്ടമായിരിക്കുകയാണ്’ മിലാനിലെ സാന്‍ കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കവെയാണ് പോപ്പിന്റെ വിമര്‍ശനം.

ആയുധങ്ങളില്ലായിരുന്നെങ്കില്‍ ഈ രാജ്യങ്ങളില്‍ സംഘര്‍ഷം കുറയുമായിരുന്നുവെന്നും എല്ലാവരും സമാധാനം തേടുമ്പോള്‍ ചില രാജ്യങ്ങളില്‍ ഇപ്പോഴും യുദ്ധം തുടരുകയാണെന്നും പോപ്പ് പറഞ്ഞു. ഓരോ കുട്ടിയുടെ മരണവും കുടുംബങ്ങളുടെ തകര്‍ച്ചയുമെല്ലാം ആയുധങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഈ രാജ്യങ്ങളുടെ മനസാക്ഷിയെ വേട്ടയാടുമെന്നും പോപ്പ് പറഞ്ഞു. ക്രിമിനല്‍ ആരോപണം ഉന്നയിച്ച് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാരുകളെയും പോപ്പ് വിമര്‍ശിച്ചു.

ഇറ്റലിയിലെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദികളായവര്‍ കുടിയേറ്റക്കാരല്ല. നമ്മുടെ കൂട്ടത്തിലും കുറേ പേരുണ്ട്. മാഫിയ കണ്ടു പിടിച്ചത് നൈജീരിയക്കാരല്ല. മാഫിയകള്‍ നമ്മുടേതാണ്. നമ്മളും ക്രിമിനലുകളായേക്കാം. കുടിയേറ്റക്കാര്‍ സമ്പത്ത് കൊണ്ടു വരുന്നവരാണ്. കാരണം അഭയാര്‍ത്ഥികളായെത്തിയവരാണ് യൂറോപ്പ് ഉണ്ടാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.