1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2018

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളെ തീപിടിപ്പിച്ച് കവിതാ മോഷണ വിവാദം; കലേഷിനോട് ക്ഷമ ചോദിച്ച് ദീപാ നിശാന്ത്. കോളേജ് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനില്‍വന്ന കവിതയെച്ചൊല്ലിയുള്ള വിവാദത്തില്‍ എഴുത്തുകാരിയും കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയുമായ ദീപാ നിശാന്ത് ക്ഷമ ചോദിച്ചു. ദീപയുടെ പേരില്‍ മാഗസിനില്‍വന്ന ‘അങ്ങനെയിരിക്കെ’ എന്ന കവിത ഏറക്കുറെ എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ’ എന്ന കവിതയുടെ പകര്‍പ്പാണെന്നായിരുന്നു ആരോപണം.

വെള്ളിയാഴ്ച രാത്രിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദീപ ക്ഷമ ചോദിച്ചത്. കവിത കലേഷിന്റേതുതന്നെയാണെന്നു പരോക്ഷമായി സമ്മതിക്കുന്നതാണ് പോസ്റ്റ്. തന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും താന്‍ ഉത്തരവാദിയായതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ക്ഷമചോദിക്കുന്നെന്നും ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നതായും അവര്‍ പോസ്റ്റില്‍ കുറിച്ചു.

2011 മാര്‍ച്ച് നാലിന് കലേഷ് ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കവിത പിന്നീട് ഒരു വാരികയിലും ‘ശബ്ദമഹാസമുദ്രം’ എന്ന സമാഹാരത്തിലും അച്ചടിച്ചുവന്നു. ഇത് ഇംഗ്ലീഷില്‍ തര്‍ജമ ചെയ്തും പ്രസിദ്ധപ്പെടുത്തിയിരുന്നു. ദീപ കവിത എ.കെ.പി.സി.ടി.എ.യുടെ ജേണലിലേക്ക് അയച്ചുതന്നതാണെന്ന് സംഘടനയുടെയും ജേണലിന്റെയും ചുമതലയുള്ളവര്‍ പറഞ്ഞു. തന്റെ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ ചിലയിടത്ത് അതേപടിയും മറ്റുചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതില്‍ വിഷമമുണ്ടെന്ന് കലേഷ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.

ദീപയുടെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍

‘കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്. ‘ഇപ്പോള്‍’ എന്നെടുത്തുപറഞ്ഞത് ഇന്നലെവരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെകൂടി നിഴലില്‍ നിന്നുകൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്നു ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യം.

ഇപ്പോള്‍ നടന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഞാന്‍ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകള്‍ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നില്‍നിന്നും നിങ്ങള്‍ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതുസംഭവിച്ചു എന്നു ചോദിച്ചാല്‍ മുഴുവന്‍ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികള്‍ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികള്‍ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.’

നേരത്തെ തന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപാ നിശാന്ത് സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് കവി എസ്. കലേഷ്‌ന്യൂസ് 18നോട് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.