1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2019

സ്വന്തം ലേഖകന്‍: ‘ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി,’ മുഖ്യമന്ത്രിയെ പിന്തുണച്ച വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞ നടന്‍ വിജയ് സേതുപതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷം.

പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും പറഞ്ഞതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിച്ച സേതുപതി ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോയെന്നും സേതുപതിയുടെ സിനിമകള്‍ കേരളത്തില്‍ ബഹിഷ്‌ക്കരിക്കണമെന്നും കമന്റ് ചെയ്യുന്നവരുമുണ്ട്.

അതേ സമയം വിജയ് സേതുപതിയുടെ നിലപാടിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ദേശാഭിമാനി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സേതുപതിയുടെ പരാമര്‍ശം. പിണറായി വിജയന്റെ കടുത്ത ആരാധകനാണ് താനെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ വളരെ ആകര്‍ഷിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളങ്ങളെന്നും കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ‘ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം.

എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി,’ എന്നുമായിരുന്നു വിജയ് സേതുപതിയുടെ വാക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.