1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2019

സ്വന്തം ലേഖകന്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഈ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും പിണറായി പറഞ്ഞു. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായി.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വന്നപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞ കാര്യം അദ്ദേഹം ആരോട് മത്സരിക്കാനാണ് വരുന്നത് എന്നായിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വേണ്ടി നില്‍ക്കുമ്പോള്‍ ഇടതുപക്ഷത്തേയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനല്ലേ രാഹുല്‍ വരുന്നത് എന്ന് ചോദിച്ചിരുന്നു. രാഹുല്‍ വന്നത് എന്തിനാണ് എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായി. ജയിക്കാനുള്ള സീറ്റ് തേടി തന്നെ വന്നതാണ്.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റില്ല. 9 സംസ്ഥാനങ്ങളില്‍ 1 സീറ്റ് മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒരു വല്ലാത്ത ഒരു ചാന്‍സ് ഉണ്ട് എന്ന ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിന് ഇടയാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രാജസ്ഥാനും മധ്യപ്രദേശും ചത്തീസ്ഗഡും ഭരണത്തിലേറിയിട്ട് ഭരണം മോശമാകാനുള്ള സമയം പോലുമായിട്ടില്ല. രാജസ്ഥാനില്‍ അവര്‍ക്ക് സീറ്റില്ല. മധ്യപ്രദേശില്‍ രണ്ട് സീറ്റ്. ചത്തീസ്ഗഡില്‍ രണ്ട് സീറ്റ്.

ഇതൊന്നും ആളുകള്‍ മനസിലാക്കുന്നില്ല. അവര്‍ വിചാരിച്ചത് രാഹുല്‍ ഗാന്ധി ഭരണത്തിന് നേതൃത്വം കൊടുക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ പിന്തുണ നല്‍കേണ്ടതുണ്ട് എന്നാണ്. രാഹുല്‍ അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീഷണി കൊണ്ട് വന്നതാണ് എന്ന് അന്ന് ഞങ്ങള്‍ പറഞ്ഞില്ല. അന്ന് അത് പറയാതിരുന്നത് അത് ബി.ജെ.പിക്ക് ആക്കം കൂട്ടും എന്നതുകൊണ്ടാണ്. അത് വസ്തുതയായിരുന്നു. രാഹുലാണ് ഇനി രാജ്യത്തിന് നേതൃത്വം നല്‍കാന്‍ പോകുന്നതെന്ന തെറ്റിദ്ധാരണയുടെ ഭാഗമായിട്ട് ഞങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് ഇല്ലാതായി.

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിലയ്ക്കും ബാധിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ അതിന്റെ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. പത്തനംതിട്ട പിടിക്കുമെന്ന് പറഞ്ഞായിരുന്നു അവര്‍ രംഗത്തെത്തിയത്. ശബരിമല വിഷയം വിശദമായ പരിശോധനയ്ക്ക് തന്നെ വിധേയരാക്കും. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് നല്ല അംഗീകാരമുണ്ട്. അത് ഇനിയും തെളിയിക്കും. എന്‍.എസ്.എസ് സമദൂരം പാലിക്കുമെന്ന് പറഞ്ഞു. അത് അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നു. – പിണറായി പറഞ്ഞു.

ഇനി ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കുമെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. ആര്‍ക്കാണ് ധാര്‍ഷ്ഠ്യം എന്ന് ജനങ്ങള്‍ തീരുമാനിക്കും. ഞാന്‍ ഈ നിലയില്‍ എത്തിയത് എന്റെ പ്രവര്‍ത്തന ശൈലിയില്‍ തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല. ശബരിമലയില്‍ സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കിയത്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഞാനല്ല ആരായാലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വലിയ ചില ശക്തികള്‍ വലിയ തോതില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ശബരിമലയുടെ ഭാഗമായി പ്രത്യേക പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ല. സര്‍ക്കാരിനെതിരെയുള്ള വിധിയായി കാണുന്നില്ല. അതേ സമയം തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.