1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2019

സ്വന്തം ലേഖകന്‍: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണ എല്‍.ഡി.എഫിനുണ്ടായത്. ന്യൂനപക്ഷ കേന്ദ്രീകരണത്തിനൊപ്പം സംസ്ഥാനത്തുണ്ടായ മോദി വിരുദ്ധ വികാരവും ഇടത് പതനത്തിന്റെ ആക്കം കൂട്ടി. ശബരിമല വിഷയവും ഇടത് തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

ഏഴ് സീറ്റുകളില്‍ മികച്ച വിജയം, നാലിടത്ത് നേരിയ ഭൂരിപക്ഷത്തില്‍ വിജയം ഇതായിരുന്നു സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പക്ഷേ ഫലം വന്നപ്പോള്‍ സമീപകാലത്ത് ഒന്നുമില്ലാത്ത തിരിച്ചടിയാണ് സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ ഉറച്ച കോട്ടകളില്‍ പോലും ഒരു ലക്ഷത്തിലേറെ പിന്നിലായത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും ഇത്ര തീവ്രമാകുമെന്ന് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിച്ചില്ല. മോദി വിരുദ്ധവികാരവും വലിയ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് വിലയിരുത്തലുള്ളപ്പോഴും അത് അംഗീകരിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി സി.പി.എമ്മിലും എല്‍.ഡി.എഫിലും ഉണ്ടാക്കിയേക്കാവുന്ന കനത്ത തിരിച്ചടി വളരെ വലുതായിരിക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ ഇടപെടലുകള്‍ വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.

എല്ലാ തലത്തിലും പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടാണ് ഇടത് മുന്നണി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാലും ചെറുതല്ലാത്ത വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചിരിന്നു. അതിനെ അട്ടിമറിച്ച് യു.ഡി.എഫിനുണ്ടായ വിജയം എല്‍.ഡി.എഫ് എന്തായാലും ആഴത്തില്‍ പരിശോധിക്കേണ്ടി വരും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.