1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2019

സ്വന്തം ലേഖകന്‍: രണ്ടാം മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുമായി അമിത് ഷാ മന്ത്രിയാകാന്‍ സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാകാനിടയില്ല. അമിത് ഷാക്ക് പകരം ബി.ജെ.പി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചയും സജീവമായി.

ബി.ജെ.പിയുടെ മിന്നും വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ച അമിത് ഷാക്ക് മന്ത്രിസഭയിലും സുപ്രധാന റോളുണ്ടായേക്കുമെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് തന്നെയാകും അമിത് ഷാക്ക് ലഭിക്കുക. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാക്കി. അനാരോഗ്യം കാരണം ബി.ജെ.പിയുടെ വിജയാഘോഷത്തിലോ അവസാന മന്ത്രിസഭയോഗത്തിലോ പങ്കെടുക്കാതിരുന്ന അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചതായാണ് സൂചന.

ഉടന്‍ തന്നെ ചികിത്സക്കായി വിദേശത്തേക്ക് പോകാനിരിക്കുന്ന ജെയ്റ്റ്‌ലിക്ക് പകരക്കാരനായി പരിഗണിക്കപ്പെടുന്നത് പീയൂഷ് ഗോയലിനേയാണ്. ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും സുഷ്മാ സ്വരാജിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കടപുഴക്കിയ സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് ലഭിക്കും.

സ്പീക്കര്‍ സ്ഥാനത്തേക്കും സ്മൃതിയെ പരിഗണിക്കുന്നുണ്ട്. ഭോപ്പാലില്‍ നിന്ന് ജയിച്ചുവന്ന മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ്ങിനെ മന്ത്രിസഭയിലുള്‍പ്പെടുത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍.ഡി.എ വിജയത്തിന് തിളക്കമേറ്റിയ പശ്ചിമ ബംഗാള്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന നല്‍കും. നാല് മന്ത്രിസ്ഥാനങ്ങളെങ്കിലും നല്‍കാനാണ് ആലോചന.

ജെ.ഡി.യു, ശിവസേന എന്നീ സഖ്യകക്ഷികള്‍ക്ക് മൂന്ന് വീതം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. എം.പിമാരെ സംഭാവന ചെയ്തില്ലെങ്കിലും കേരളത്തിനും തമിഴ്‌നാടിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.