1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2019

സ്വന്തം ലേഖകന്‍: ഒമാനിലെ സ്വകാര്യ മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ ജീവനക്കാരെ. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ കമ്പനികളില്‍ നിന്ന് പതിനായിരത്തിലധികം പേരെ പിരിച്ചു വിട്ടതായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്റെ റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. 2014 മുതല്‍ 2018 വരെ കാലയളവില്‍ 106 കമ്പനികളില്‍ നിന്നാണ് ഇത്രയും പേരെ പിരിച്ചു വിട്ടത്.

2017 ല്‍ മാത്രം 5,000 തൊഴിലാളികളെ പിരിച്ചു വിട്ടു. 1334 പേര്‍ക്കാണ് 2018 ല്‍ ജോലി നഷ്ടമായത്. മുന്‍ വര്‍ഷത്തെക്കാള്‍ 73 ശതമാനം കുറവാണിത്. ജീവനക്കാരെ പിരിച്ചു വിടുന്ന കമ്പനികളുടെ എണ്ണം 18 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമാന്‍ ട്രേഡ് യൂനിയന്റെ തക്ക സമയത്തുള്ള ഇടപെടലും കമ്പനിയുടെയും ജോലിക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തത് കൊണ്ടാണ് പിരിച്ചു വിടുന്നവരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞതെന്ന് യൂനിയന്‍ പ്രതിനിധികള്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വാണിജ്യ വ്യവസായം, നിര്‍മാണം, ഓയില്‍, ഗ്യാസ്, വൈദ്യുതി, വെള്ളം എന്നീ മേഖലകളിലാണ് കാര്യമായ പിരിച്ചു വിടലുണ്ടായത്. കഴിഞ്ഞ വര്‍ഷം എണ്ണ വിലയിലുണ്ടായ വര്‍ധന പിരിച്ച് വിടല്‍ കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. എണ്ണ വിലയിലെ വര്‍ധനവിനെ തുടര്‍ന്ന് സാമ്പത്തിക നില മെച്ചപ്പെട്ടത് കമ്പനികളുടെ അവസ്ഥയിലും മാറ്റമുണ്ടാക്കി. നിലവില്‍ ജീവനക്കാരുടെ പിരിച്ചു വിടലിനെതിരെ ഒമാനില്‍ നിയമങ്ങളൊന്നുമില്ല. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ സാധ്യതയും ട്രേഡ് യൂനിയന്‍ പഠനം നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.