1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്; അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. അതിനിടെ കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തില്‍ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തില്‍ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ഇന്ന് നിരവധി പേരെത്തും. അതിനിടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആലുവ കര്‍മ്മലീത്ത മഠം രംഗത്തെത്തി.

ഇത് സംബന്ധിച്ച് മഠത്തിന് മദര്‍ സുപ്പീരിയര്‍ കത്തയച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. തുടര്‍ന്ന് സാസ്‌കാരിക , രാഷ്ട്രിയ മേഖലകളില്‍ നിന്നുള്ളവരും ക്രൈസ്തവ സംഘടനകളും സമരത്തെ ഏറ്റെടുക്കുകയായിരുന്നു.

അന്വേഷണപുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.