1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2019

സ്വന്തം ലേഖകന്‍: ഉത്തരാഖണ്ഡില്‍ കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായി. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ് അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ മേഘവിസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 18 പേരെ കാണാതായി. 

പുഴ കരകവിഞ്ഞതോടെ 20 വീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്കും ദുരന്തനിവാരണ സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. ദേശീയ ദുരന്തനിവാരണസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ കുളുവിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കുളുവില്‍ ബിയാസ് നദിക്ക് കുറകെയുള്ള പാലം തകര്‍ന്നു. ഷിംല കല്‍ക റൂട്ടിലെ ട്രെയിന്‍ ഗതാഗതം വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ബക്ര അണക്കെട്ട് തുറക്കുന്നതിനാല്‍ പല ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതിനാല്‍ ഡല്‍ഹിയില്‍ യമുനയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. നിലവില്‍ ഡല്‍ഹിയിലും ഭേദപ്പെട്ട നിലയില്‍ മഴ ലഭിക്കുന്നുണ്ട്. ഇന്ന് ഉത്തരേന്ത്യയില്‍ പരക്കെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.