1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2016

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പാട്ടെഴുത്തുകാരനും ഗായകനുമായ ബോബ് ഡിലന്. എഴുത്തുകാരനും അമേരിക്കന്‍ ഫോക് ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമാണ് ഡിലന്‍. മഹത്തായ അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് സാഹിത്യ നൊബേല്‍ സമ്മാനിക്കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.

അഞ്ച് പതിറ്റാണ്ടായി സാഹിത്യഗാന രംഗത്ത് സജീവ സാന്നിധ്യമായ ഡിലന്‍ അമേരിക്കയിലെ ജനപ്രിയ കവിയും ഗായകനുമാണ്. 1960 കള്‍ മുതല്‍ ഡിലന്‍ സാഹിത്യ, സംഗീത രംഗത്ത് സജീവമാണ്. ആദ്യ കാലത്ത് അദ്ദേഹം രചിച്ച ‘ബ്ലോവിന്‍ ഇന്‍ വിന്‍ഡ്‌സ്’, ‘ദ ടൈംസ് ദെയ് ആര്‍ ചേഞ്ചിംഗ്’ തുടങ്ങിയ ഗാനങ്ങള്‍ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെയും ആവേശമായിരുന്നു.

ഒരു കയ്യില്‍ ഗിറ്റാറുമായി അദ്ദേഹം തന്റെ കവിതകളെ ജനങ്ങളിലേക്കെത്തിച്ചു. പിന്നീട് കീബോര്‍ഡും ഹാര്‍മോണിയവും മറ്റു സംഗീതോപരണങ്ങളുമായി സംഗീതവേദികളിലൂടെ റോക്ക് സംഗീതത്തിന്റെ സാധ്യതകളിലേക്ക് ഡിലന്‍ ഇറങ്ങിച്ചെന്നു. സംഗീതലോകത്ത് അര നൂറ്റാണ്ട് നിറഞ്ഞുനിന്ന ബോബ് ഡിലന്‍ പാശ്ചാത്യ പോപ് സംഗീതത്തിന്റെ എല്ലാ മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ചെങ്കിലും ഗാനരചയിതാവ് എന്ന നിലയിലാണ് തിളങ്ങിയത്.

1994 നു ശേഷം ചിത്രരചനാരംഗത്തേക്കു ചുവടു മാറിയ ഡിലന്റെ പെയ്ന്റിംഗുകള്‍ ലോകമെങ്ങുമുള്ള ഗ്യാലറികളിലുണ്ട്. ഗാനവില്‍പ്പന രംഗത്തെ എക്കാലത്തെയും മികച്ച ഗായകനായി അറിയപ്പെടുന്ന ഈ എഴുപത്തഞ്ചുകാരന്റെ 10 കോടി റെക്കോര്‍ഡുകള്‍ വിറ്റു പോയിട്ടുണ്ട്. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന പുരസ്‌കാരങ്ങളായ ഗ്രാമ്മി, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കര്‍, പുലിറ്റ്‌സര്‍ തുടങ്ങിയവ നേടിയിട്ടുള്ളയാളാണ് ബോബ് ഡിലന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.