1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2019

സ്വന്തം ലേഖകന്‍: യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടീഷ് കമ്പനികളും സര്‍വകലാശാലകളും ഇന്ത്യന്‍, ചൈനീസ് കുടിയേറ്റക്കാര്‍ക്കായി വാതിലുകള്‍ തുറന്നിടും; ബ്രെക്‌സിറ്റ് ബില്‍ പാസാക്കാന്‍ രണ്ടും കല്‍പ്പിച്ച് തെരേസാ മേയ്; പിന്തുണയ്ക്കായി യൂണിയന്‍ നേതാക്കളെ സമീപിച്ചു. ബ്രെക്‌സിറ്റിന്റെ ഭാഗമായി ഉയരുന്ന സാമ്പത്തികമായ വെല്ലുവിളികള്‍ നേരിടാന്‍ യുകെയിലെ പ്രമുഖ സര്‍വകലാശാലകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയും ചൈനയും വിവിധ ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ സജീവ പ്രതീക്ഷയാണെന്ന് സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും റസല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സര്‍ ആന്റണ്‍ മസ്‌കറ്റെല്ലി വ്യക്തമാക്കുന്നു. ‘വരുമാനത്തില്‍ പെട്ടന്നുണ്ടാകുന്ന ഇടിവിനോട് പ്രതികരിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന നിലയിലാണ് മിക്ക സര്‍വകലാശാലകളും ഈ രീതി പിന്തുടരാന്‍ ശ്രമിക്കുക,’ മസ്‌കറ്റെല്ലി പറയുന്നു. ഗ്ലാസ്‌ഗോ സര്‍വകലാശാല വിദേശ വിദ്യാര്‍ത്ഥികളുടെ അനുപാതം വര്‍ധിപ്പിച്ച് ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ പകുതിയോളമാക്കിയേക്കുമെന്ന് സൂചനയുണ്ട്.

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിച്ച് 50 ശതമാനമാക്കുകയും സ്വദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്‌തേക്കും. നിലവില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 12,000 പൗണ്ടിലധികം തുക ഫീസായി അടയ്ക്കുന്നുണ്ട്. അവരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള നീക്കം തദ്ദേശീയരായ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീ 9,250 പൗണ്ടില്‍ നിന്നും 6,500 പൗണ്ടായി കുറയ്ക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം മാര്‍ച്ച് 29 ന് രാത്രി 11 മണിക്ക് ബ്രിട്ടന്‍ ഇയു വിടുകയും പുതിയ നിയമങ്ങള്‍ 2021 ഓടെ പ്രാബല്യത്തില്‍ വരികയും ചെയ്യുന്നതോടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ള 50,000 ലേറെ ജീവനക്കാരുടെയും 1,30,000 വിദ്യാര്‍ത്ഥികളുടെയും ഭാവി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍. കരാറുകളും നിബന്ധനകളുമില്ലാതെ യുകെ, യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ഈ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച തുറന്ന കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് മുന്നോടിയായി നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് പ്രധാനമന്ത്രി തെരേസാ മേയ്. ബ്രെക്‌സിറ്റില്‍ പിന്തുണയ്ക്കായി യൂണിയന്‍ നേതാക്കളെ സമീപിച്ച മേയ് തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ലേബര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.