1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

രോഗികളുടെ പരാതിയിന്മേല്‍ എന്‍എച്ച്എസ് നടത്തിയ അന്വേഷണങ്ങള്‍ പ്രഹസനങ്ങള്‍ മാത്രമാണെന്ന വിലയിരുത്തലുമായി ആരോഗ്യ സേവന ഓംബുഡ്‌സ്മാന്‍. ആരോഗ്യ സേവനത്തില്‍ വന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടി രോഗികളും അവരുടെ ബന്ധുക്കളും നല്‍കിയ പരാതിയില്‍ എന്‍എച്ച്എസ് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന ഓംബുഡ്‌സ്മാന്റെ പരിശോധനയില്‍ 40 ശതമാനം പരാതികളും അലസമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തി.

രോഗിയുടെ മരണം സംഭവിച്ചത് എന്‍എച്ച്എസ് ആരോഗ്യ പ്രവര്‍ത്തകരുടെ പിഴവ് കൊണ്ടാണെന്നും മരണമോ അപകടമോ ഒഴിവാക്കാമായിരുന്നതാണെന്നും ചൂണ്ടിക്കാട്ടിയുള്ള 150 ഓളം പരാതികള്‍ ഓംബുഡ്‌സ്മാന്‍ പരിശോധിച്ചു. പരാതികളില്‍ എത്തരത്തിലുള്ള അന്വേഷണമാണ് നടത്തിയത്, ഏത് തെളിവുകളെയാണ് ആശ്രയിച്ചത്, രോഗികളുടെയോ അവരുടെ ബന്ധുക്കളുടെയോ മൊഴി, ആശുപത്രി രേഖകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്.

എന്‍എച്ച്എസിലുണ്ടാകുന്ന പരാതികളും ക്ലിനിക്കല്‍ പരാജയങ്ങളും പരിശോധിക്കുന്ന പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സെലക്ട് കമ്മറ്റിയില്‍ അടുത്ത ആഴ്ച്ച ഓംബുഡ്‌സ്മാനും പങ്കെടുക്കും.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. എന്നാല്‍ തങ്ങളുടെ പിഴവ് അംഗീകരിക്കാന്‍ ആശുപത്രി തയാറായില്ല. 250 പൗണ്ട് ചെലവാക്കി ഇന്‍ഡിപെന്‍ഡന്റ് ക്ലിനിക്കല്‍ റിവ്യുവിന് കുട്ടിയുടെ മാതാപിതാക്കള്‍ ക്രമീകരണങ്ങള്‍ ചെയ്തതിന് ശേഷം മാത്രമാണ് തങ്ങളുടെ പിഴവ് അംഗീകരിക്കാന്‍ ആശുപത്രി തയാറായത്. മറ്റൊരു കേസില്‍ അപകടത്തില്‍പ്പെട്ട 36 വയസുകാരന്‍ മരിച്ചു. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് ജീവന് ഭീഷണിയുള്ള തരത്തിലുള്ള പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാഞ്ഞതാണ് മരണം സംഭവിക്കാനുള്ള കാരണം. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ ഓംബുഡ്‌സ്മാന്‍ ശേഖരിച്ചിട്ടുണ്ട്.

150 കേസുകളില്‍ 28 എണ്ണമെങ്കിലും ഗൗരവമുള്ള സംഭവം എന്ന വിഭാഗത്തില്‍പ്പെടുത്തി അന്വേഷണം നടത്തേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് ഓംബുഡ്‌സ്മാനുള്ളത്. പൊതുജനങ്ങള്‍ക്ക് എന്‍എച്ച്എസിനെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതിയും ഓംബുഡ്‌സ്മാന്‍ തയാറാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.