1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2019

സ്വന്തം ലേഖകൻ: രജനികാന്ത് ആദ്യമായി നായകനായ ‘ഭൈരവി’യെന്ന ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കലൈജ്ഞാനത്തിന് ഒരു കോടിയുടെ വീട് സമ്മാനിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1978 ല്‍ പുറത്തിറങ്ങിയ ഭൈരവിയിലൂടെയാണ് രജനി നായകനായി അരങ്ങേറുന്നത്.

വിരുകംമ്പാക്കത്ത് മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങിയ അപാർട്ട്മെന്റാണ് താരം പ്രിയ നിര്‍മാതാവിനായി നല്‍കിയത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണ് ഫ്‌ലാറ്റ് സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള 1320 സ്‌ക്വയര്‍ ഫീറ്റിന്റെ ഈ അപാർട്ട്മെന്റ്.

ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ രജനിയുടെ വാഗ്ദാനം നിറവേറ്റലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് കലൈഞ്ജാനത്തിന്റെ 90-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സിനിമയില്‍ 50 വര്‍ഷം പിന്നിട്ടതിന് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ രജനി സംബന്ധിച്ചിരുന്നു. ഈ ചടങ്ങില്‍ വച്ചാണ് താരം കലൈഞ്ജാനത്തിന് വീട് നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്.

സ്വന്തമായി വീടില്ലാതെ വാടക വീടുകളിലാണ് സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ കലൈഞ്ജാനം കഴിഞ്ഞിരുന്നത്. ഈയടുത്താണ് അദ്ദേഹത്തിന്റെ ദുരിതം രജനികാന്തിന്റെ ശ്രദ്ധയില്‍പെടുന്നത്. നടന്‍ ശിവകുമാറാണ് കലൈജ്ഞാനത്തിന്റെ അവസ്ഥ രജനിയെ അറിയിക്കുന്നത്.

“വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നതന്ന് ഈയടുത്താണ് അറിയാന്‍ കഴിഞ്ഞത്. അത് സങ്കടകരമായ അവസ്ഥയാണ്. മന്ത്രി കടമ്പൂര്‍ രാജു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വീട് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്റെ നന്ദി. പക്ഷേ ഞാന്‍ ഈ അവസരം സര്‍ക്കാരിന് നല്‍കില്ല. കലൈഞ്ജാനത്തിന്റെ അവസാന ശ്വാസം അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുന്നത് എന്റെ വീട്ടില്‍ നിന്നാകണം. പ്രിയപ്പെട്ട ഭാരതിരാജ സാര്‍, അദ്ദേഹത്തിന് പറ്റുന്ന വീട് അന്വേഷിക്കൂ..അദ്ദേഹത്തിന്റെ ഇനിയുള്ള നാളുകള്‍ എന്റെ വീട്ടിലാകണം. ദൈവാനുഗഹം കൊണ്ട് ശിവകുമാര്‍ വഴിയാണ് ഈ വാര്‍ത്ത എന്റെ അടുത്ത് എത്തുന്നത്. അദ്ദേഹത്തിന് നന്ദി,” എന്നായിരുന്നു അന്ന് സ്റ്റൈൽ മന്നന്റെ വാക്കുകൾ.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.