1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2016

സ്വന്തം ലേഖകന്‍: തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു. ദേശീയ ഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു.

മാവോയിസ്റ്റുകളെ സഹായിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത നദീറിനെ തെളിവുകളുടെ അഭാവത്തിലാണ് പോലീസ് വിട്ടയച്ചത്. പോലീസ് നടപടിയ്ക്കും യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നദീറിനെ പോലീസ് വിട്ടയച്ചിരിക്കുന്നത്.

യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നദീറിനെ വിട്ടയച്ചത്.

കമല്‍ സി. ചവറ, നദീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു. ദേശീയഗാനത്തെ അവഹേളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കമലിനെതിരെ ഐ.പി.സി 124 എ പ്രകാരം കേസെടുത്തിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനുശേഷം വിട്ടയച്ചതിന് പിന്നാലെ നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. നദീറിന്റെ ബാലുശേരിയിലുളള വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഒരു മണിക്കൂറിലേറെ നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും സംശയകരമായി യാതൊന്നും പൊലീസിന് കണ്ടെടുക്കാനായില്ല.

തന്നെ അറസ്റ്റ് ചെയ്യുന്നതായി പറഞ്ഞാണ് പോലീസ് കൊണ്ടുപോയതെന്നും എന്നാല്‍ പിന്നീട് പോലീസ് നിലപാട് മാറ്റുകയായിരുന്നെന്നും നദീര്‍ പറഞ്ഞു. താന്‍ ഒരിക്കല്‍ പോലും ആറളത്ത് പോയിട്ടില്ലെന്നും പോലീസ് വിട്ടയച്ചതിനു ശേഷം കോഴിക്കോട്ട് വാര്‍ത്താ സമ്മേനത്തിലാണ് നദീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചാര്‍ജ്ജ് ഷീറ്റില്‍ യുഎപിഎ ചുമത്തിയതായി രേഖപ്പെടുത്തിയിരുന്നതായും ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെത്തിക്കുകയും ഡിവൈഎസ്പി അടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയും ചെയ്തതായും നദീര്‍ വെളിപ്പെടുത്തി. വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് നദീറിനെ വിട്ടയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.