1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2019

സ്വന്തം ലേഖകന്‍: 300 കോടി പ്രകാശവര്‍ഷം അകലെനിന്നുള്ള അജ്ഞാത സ്രോതസ്സില്‍നിന്നു വേഗമേറിയ റേഡിയോ വിസ്‌ഫോടനങ്ങള്‍ (ഫാസ്റ്റ് റേഡിയോ ബേസ്റ്റ്എഫ്.ആര്‍.ബി.) പിടിച്ചെടുത്ത് ചൈനീസ് ടെലിസ്‌കോപ്പ്. ഫാസ്റ്റ് (അപ്പേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ്) എന്നുപേരിട്ടിരിക്കുന്ന ഈ ടെലിസ്‌കോപ്പ് ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലുതും സൂക്ഷ്മസംവേദനക്ഷമതയുള്ളതുമാണ്. 500 മീറ്ററാണ് ഫാസ്റ്റിന്റെ ഡിഷിന്റെ വ്യാസം.

ഫാസ്റ്റ് പിടിച്ചെടുത്ത തരംഗങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചുവരുകയാണെന്ന് ചൈനയിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററീസിലെ ഗവേഷകര്‍ അറിയിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും വ്യക്തതയുള്ള തരംഗങ്ങളാണ് എഫ്.ആര്‍.ബി. വളരെ കുറഞ്ഞ സമയത്തേക്കുമാത്രമാണ് ഇതു നിലനില്‍ക്കുന്നതെന്നതിനാലാണ് (മില്ലിസെക്കന്‍ഡുകളുടെ ഒരംശം) ‘വേഗത്തിലുള്ളത്'(ഫാസ്റ്റ്) എന്ന് ഇതറിയപ്പെടുന്നത്.

ഓഗസ്റ്റ് അവസാനംമുതല്‍ സെപ്റ്റംബര്‍ ആദ്യം വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള നൂറിലധികം വിസ്‌ഫോടനങ്ങളാണ് ഫാസ്റ്റ് പിടിച്ചെടുത്തത്. തരംഗങ്ങളുടെ ഉറവിടം എവിടെയാണെന്നതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തുടര്‍ച്ചയായുണ്ടായ തരംഗങ്ങള്‍ ഉറവിടം ഏതാണെന്നുസംബന്ധിച്ചും എഫ്.ആര്‍.ബി.യുടെ ഭൗതിക സംവിധാനത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കിയേക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.