1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2019

സ്വന്തം ലേഖകന്‍: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഒരു രാജ്യം ഒരു ഭാഷ എന്നതിലൂന്നിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയും. ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ അത്യാവശ്യമാണ്. നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാലും ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം കുറിച്ചു.

ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണതെന്നും ഷാ വ്യക്തമാക്കി.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് നിര്‍ദേശം ദക്ഷിണേന്ത്യയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഈ നിര്‍ദേശത്തിനെതിരെ കൂടുതല്‍ പ്രതിഷേധം അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാനവവിഭശേഷി മന്ത്രാലയത്തിന് കരട് രേഖ മാറ്റി അപ്ലോഡ് ചെയ്യേണ്ടി വന്നിരുന്നു.

അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. വീണ്ടും ഭാഷാ സമരത്തിനൊരുങ്ങുമെന്ന മുന്നറിയിപ്പുമായാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്. ഹിന്ദി ഭാഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോയില്ലെങ്കില്‍ ജനാധിപത്യപരമായ വഴിയില്‍ ഡി.എം.കെ പ്രതിഷേധിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.