1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2019

സ്വന്തം ലേഖകൻ: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പൊലീസിനോട് പറഞ്ഞു. തന്റെ ആദ്യ ഭാര്യ സിലിയേയും മകളേയും കൊല്ലാന്‍ അവസരമൊരുക്കിയത് താനാണ്. ജോളിയെ പേടിച്ചാണ് വിവരങ്ങള്‍ പുറത്തുപറയാതിരുന്നതെന്നും ഷാജു പറഞ്ഞു. ഷാജുവിനെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാജുവിന്‍റെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കും.

വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച് മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും.

പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നേരത്തെ തന്നെ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളവരാണ് നേതാക്കള്‍. ഭൂമി ഇടപാടിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു.

തന്റെ മകന്‍ പൊന്നാമറ്റം വീട്ടില്‍ അസ്വസ്ഥനായിരുന്നുവെന്ന് ഷാജു മീഡിയവണിനോട് പ്രതികരിച്ചു. അതേസമയം അന്നമ്മ തോമസിനെ കൊലപ്പെടുത്താന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ആദ്യ തവണ നല്‍കിയ വിഷത്തിന്റെ വീര്യം കുറഞ്ഞതിനാല്‍ അന്ന് മരണം സംഭവിച്ചില്ല. പിന്നീട് വീര്യം കൂട്ടി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കേസില്‍ പ്രതിപ്പട്ടിക നീളുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ റിമാൻഡിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ളവരുടെ പങ്കും പൊലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.