1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2019

സ്വന്തം ലേഖകൻ: സൗദി കൊട്ടാരത്തില്‍ നിന്ന് അമൂല്യമായ ആഭരണങ്ങള്‍ മോഷണം പോവുകയും അതിനു പിന്‍പറ്റി കൊലപാതകങ്ങള്‍ നടക്കുകയും ചെയ്തിട്ട് ഇപ്പോള്‍ 30 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ആ മോഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ബി.ബി.സിക്ക് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകളാണുണ്ടായിരിക്കുന്നത്. അതിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബി.ബി.സി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ താഴെ വായിക്കാം.

മൂന്നുമാസത്തോളം ഒരു അവധിക്കാലം ആഘോഷിക്കാനായി സൗദി രാജകുമാരനും ഭാര്യയും പോയ സാഹചര്യം നോക്കിയാണ് മോഷണം നടത്തിയത്. കൊട്ടാരത്തിലെ തായ്‌ലന്‍ഡുകാരനായ ക്രിയാങ്ക്രായ് ടെക്കാമോങ് എന്ന തൊഴിലാളിയായിരുന്നു അതിവിശിഷ്ടമായ ഡയമണ്ടും 20 മില്യണ്‍ വില വരുന്ന ആഭരണങ്ങളും മോഷ്ടിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ട മോഷണം തായ്‌ലന്‍ഡും സൗദിയും തമ്മിലുള്ള നയതന്ത്രബന്ധത്തെ വരെ ബാധിച്ചുകഴിഞ്ഞു. മോഷണത്തിന്റ തുടര്‍ച്ചയായി മൂന്നു നയതന്ത്രജ്ഞരുടെ മരണവും ഇതിനോടകം സംഭവിച്ചു കഴിഞ്ഞു.

ക്രിയാങ്ക്രായ് ഒരു സ്ഥിരം മോഷ്ടാവായിരുന്നില്ല. എന്നാല്‍ സൗദിയില്‍ തന്റെ രാജാവ് പ്രിന്‍സ് ഫൈസലിന്റെ കൈവശമുള്ള ആഭരണങ്ങളില്‍ ക്രിയാങ്ക്രായ്ക്ക് കണ്ണുണ്ടായിരുന്നു. രാജാവും രാജ്ഞിയും മൂന്നു മാസത്തേക്ക് വിനോദ യാത്രയ്ക്കു പോയ സമയത്താണ് ക്രിയാങ്ക്രായ് ആഭരണങ്ങള്‍ മോഷ്ടിക്കുന്നത്.

കൊട്ടാരം വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന ക്രയിാങ്ക്രായ്ക്ക് രാജാവ് ആഭരണങ്ങള്‍ സൂക്ഷിക്കുന്ന ഇടമെല്ലാം മനഃപാഠമായിരുന്നു. ഒരു ദിവസം രാത്രി കാരണമുണ്ടാക്കി ക്രിയാങ്ക്രായ് കൊട്ടാരത്തില്‍ കയറി. മറ്റുള്ള തൊഴിലാളികളെല്ലാം ജോലി കഴിഞ്ഞ് തിരിച്ചുപോയ സമയത്താണ് ക്രിയാങ്ക്രായ് മോഷണം നടത്തിയത്.

രാജാവിന്റെ അറയില്‍ നിന്നും കുഴല്‍ വഴി മോഷ്ടിച്ച ആഭരണങ്ങള്‍ ശരീരത്തിലും കൊട്ടാരം വൃത്തിയാക്കുന്ന ഉപകരണങ്ങളിലും വാക്വം ബാഗുകളിലും മറ്റും ഒളിപ്പിച്ച് ഒരു മാസക്കാലത്തോളം കൊട്ടാരത്തില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് കപ്പല്‍മാര്‍ഗം തായ്‌ലന്റിലേക്ക് അയച്ചു.

മോഷണം കണ്ടെത്തിയതോടെ ക്രിയാങ്ക്രായ് ജന്മനാടായ തായ്‌ലന്‍ഡിലേക്കു കടന്നുകളഞ്ഞു. ഇതിനു മുന്‍പുതന്നെ കപ്പല്‍ തായ്‌ലന്റിലേക്കു പുറപ്പെട്ടിരുന്നു.

എന്നാല്‍ അപ്പോഴും ഒരു വെല്ലുവിളി അയാളെ കാത്തിരിപ്പുണ്ടായിരുന്നു. തായ് കസ്റ്റംസിന്റെ കൈയ്യില്‍പ്പെടാതെ ഈ ആഭരണങ്ങള്‍ എങ്ങനെ കൊണ്ടുപോകാം എന്നത്. സാധാരണ കപ്പലിലെത്തുന്ന ചരക്കുകള്‍ അവരുടെ പരിശോധനയ്ക്കു ശേഷമാണ് ഉടമസ്ഥനു തിരിച്ചുകിട്ടുന്നത്.

തായ് കസ്റ്റംസിന്റെ പരിശോധനയെ ക്രിയാങ്ക്രായ് നേരിട്ടത് കൈക്കൂലി കൊണ്ടായിരുന്നു. കപ്പലില്‍ മോഷണമുതല്‍ വെച്ചയിടത്ത് കൈക്കൂലിയായി കുറച്ചു പണമടങ്ങിയ ഒരു കവറും ഉദ്യോഗസ്ഥര്‍ക്കായി ക്രിയാങ്ക്രായ് അയച്ചു. ഒപ്പം അതില്‍ പോണോഗ്രാഫിക് സാധനങ്ങളാണ് എന്നെഴുതിയും വെച്ചു. ആ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ അയാള്‍ക്കായി.

തായ്‌ലന്‍ഡിലെ വീട്ടില്‍ ആഭരണങ്ങള്‍ എത്തിച്ചെങ്കിലും നിയമത്തിനു മുന്നില്‍ ഒരുപാടുകാലം പിടിച്ചു നില്‍ക്കാന്‍ ക്രിയാങ്ക്രായ്ക്കായില്ല. 1990 ജനുവരിയില്‍ സൗദി പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം തായ്‌ലന്‍ഡിലെ വടക്കന്‍ ലമ്പാങ് മേഖലയിലുള്ള തന്റെ വീട്ടില്‍വെച്ച് അയാള്‍ അറസ്റ്റിലായി.

അപ്പോഴേക്കും ആഭരണങ്ങളില്‍ ചിലത് അദ്ദേഹം വിറ്റിരുന്നു. അവയെല്ലാം തിരികെ മേടിച്ചിട്ടും 80 ശതമാനം ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സൗദി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതാണ് ഏറ്റവും വലിയ പ്രതിസന്ധിയിലേക്കു നയിച്ചത്. തിരിച്ചെത്തിയവയില്‍ പലതും വ്യാജമാണെന്നും അവര്‍ പറഞ്ഞു.

പിന്നീട് ഒരു ഉയര്‍ന്ന തായ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കഴുത്തില്‍ നഷ്ടപ്പെട്ട കൂട്ടത്തിലുള്ള ഒരു നെക്‌ലേസ് കാണുകയും ചെയ്തു. ഏറ്റവും വിലപിടിപ്പുള്ള നീല ഡയമണ്ട് പതിച്ച 50 കാരറ്റ് വരുന്ന ഒരു ആഭരണവും കൂട്ടത്തില്‍ നഷ്ടപ്പെട്ടിരുന്നു. ലോകത്ത് തന്നെ അമൂല്യമായി കാണപ്പെടുന്ന രത്നങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ് അതും. എന്നാല്‍ മോഷണം പോയ ഡയമണ്ടിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

1990-ല്‍ സൗദി എംബസിയിലെ രണ്ട് ഉദ്യാഗസ്ഥര്‍ തായ് തലസ്ഥാനത്തേക്ക് പോകും വഴി അതിര്‍ത്തിയില്‍ വച്ച് കൊല്ലപ്പെട്ടു. അക്രമികള്‍ ഉദ്യോഗസ്ഥരെ വെടിവച്ചു കൊല്ലുകയായിരുന്നു. ആഴ്ചകള്‍ക്കുശേഷം സൗദിയില്‍ നിന്നുള്ള മുഹമ്മദ് അല്‍ റുവായ് എന്ന വ്യവസായിയെ അതിര്‍ത്തിയില്‍ വച്ച് കാണാതായി. നഷ്ടപ്പെട്ട ആഭരണങ്ങളെ പറ്റി അന്വേഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു മുഹമ്മദ് അല്‍ റുവായ്.

സൗദി ഭരണകൂടത്തിന്റ സമ്മര്‍ദ്ദത്തില്‍ തായ്‌ലന്റ് അന്വേഷണം ഊര്‍ജിതമാക്കാനുള്ള ഒരുക്കത്തിലാണ്. തെളിവുകളുടെ അഭാവവും തായ്‌ലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഈ കൊലപാതകങ്ങളെക്കുറിച്ചുള്ള പല കഥകളും പ്രചരിക്കുന്നുണ്ട്. ഭീകരവാദ ഗ്രൂപ്പുമായി കൈകോര്‍ത്ത് സൗദി നടപ്പാക്കിയ കൊലകളാണ് ഇവയെന്ന് വിക്കിലീക്‌സ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലെബനീസ് ഷിയ മുസ്‌ലിം ഭീകരവാദ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നാണ് അവര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.