1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2019

സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തിനു തൊട്ടുമുമ്പ് കൊലയാളികളും അദ്ദേഹവും തമ്മിലുണ്ടായ സംഭാഷണത്തിന്റെ പൂര്‍ണ ശബ്ദരേഖ പുറത്തുവന്നു. തുര്‍ക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുര്‍ക്കിയിലെ ദേശീയ അന്വേഷണ ഏജന്‍സി ആണ് പത്രത്തിന് വിവരങ്ങള്‍ കൈമാറിയത്.

ശബ്ദരേഖകള്‍ പ്രകാരം വിവാഹത്തിന് മുമ്പായി ചില രേഖകള്‍ എടുക്കാന്‍ വേണ്ടി സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ജിയെ മുറിയിലേക്കു തള്ളിയിടുകയും പിന്നീട് സൗദി ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥനായ മാഹെര്‍ അബ്ദുള്ള മുട്രെബുമായി ഇദ്ദേഹം സംസാരിക്കുന്നുമുണ്ട്. ‘ഇരിക്കൂ നിങ്ങളെ റിയാദിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. നിങ്ങളുടെ പേരില്‍ കേസുണ്ട്. അതിനാല്‍ നിങ്ങളെ റിയാദിയേക്കു കൊണ്ടുപോകാനാണ് ഇന്റര്‍പോള്‍ നിര്‍ദ്ദേശം’ മുട്രെബ് പറയുന്നു. എന്നാല്‍ ഇത് ഖഷോഗ്ജി നിഷേധിക്കുന്നു.

തുടര്‍ന്ന് കൊലയ്ക്ക് 10 മിനിറ്റ് മുമ്പ് ഖഷോഗ്ജിയോട് തന്നെ കണ്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് മകനോടു പറയുന്ന സന്ദേശം എഴുതാന്‍ ആവശ്യപ്പെടുന്നതും ശബ്ദരേഖയിലുണ്ട്. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവെയ്ക്കുമ്പോള്‍ ‘എനിക്ക് ആസ്മയുണ്ട്, ശ്വാസം മുട്ടും’ – എന്ന് ഖഷോഗ്ജി പറയുന്നു. കൊല നടത്തിയ ശേഷം സംഘത്തിലുള്ള ഫൊറന്‍സിക് ഡോക്ടറും മുട്രെബും തമ്മിലുള്ള സംഭാഷണവും ഇതിലുണ്ട്. മൃതദേഹം ബാഗിനുള്ളില്‍ കയറ്റാന്‍ സാധിക്കുമോ എന്ന മുട്രെബ് ചോദിച്ചപ്പോള്‍ നീളവും തടിയും ഉള്ളതിനാല്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍ മറുപടി പറയുന്നത്.

തുടര്‍ന്നാണ് മൃതദേഹം വെട്ടിമുറിക്കാന്‍ തീരുമാനിക്കുന്നത്. ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന്റെ 30 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ശബ്ദവും ഇതിലുണ്ട്. ‘സത്യത്തില്‍ ഞാന്‍ മൃതദേഹങ്ങള്‍ വെട്ടിമുറിക്കാറുണ്ട് പക്ഷെ ചൂട് വിട്ടുമാറാത്ത ദേഹം ഞാനിതുവരെയും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ ഞാനിത് ചെയ്യാം.

മൃതദേഹങ്ങള്‍ വെട്ടിമുറിക്കുമ്പോള്‍ ഞാന്‍ സാധാരണയായി ഹെഡ്‌സെറ്റ് വെയ്ക്കാറുണ്ട്. വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ട് പോകണം.’ ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല.

ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു. 15 പേരാണ് ഖഷോഗ്ജി വധത്തില്‍ പിടിയിലായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.