1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തീ പടര്‍ത്തി മീ ടൂ തുറന്നുപറച്ചിലുകള്‍; ലൈംഗിക ആരോപണ വിധേയരായി നാനാ പടേക്കര്‍, രമുത്തു, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, അലോക് നാഥ്, രജത് കപൂര്‍ എന്നിവര്‍; മലയാള സിനിമയില്‍ നിന്ന് മീ ടൂവില്‍ കുടുങ്ങിയത് മുകേഷും ഗോപി സുന്ദറും. മീ ടൂ ക്യാംപെയ്ന്‍ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ വലിയ ആരോപണം നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു.

പിന്നീട് നിരവധിപ്പേര്‍ മീടു കാമ്പെയിനില്‍ അണിചേര്‍ന്നു. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, ക്വീന്‍ ചിത്രത്തിന്റെ സംവിധായകന്‍ വികാസ് ബാല്‍, സ്റ്റാന്റ് അപ് കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഗായകന്‍ കൈലാഷ് ഖേര്‍, കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന്മാരായ രജത് കപൂര്‍, അലോക് നാഥ് എന്നിവര്‍ക്കെതിരെയാണ് കലാരംഗത്തും മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ രംഗത്തെത്തിയത്.

ഇവരെ കൂടാതെ മലയാളത്തില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെതിരെയും സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെയും ആരോപണമുയര്‍ന്നു. മി ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ടെസ് ജോസഫ് ആണ് വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

സംഗീത രംഗത്ത് ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിയാണ് മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ‘അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറില്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.

പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു.

ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു.എന്നാല്‍ അതിനു മുമ്പായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്,’ പെണ്‍കുട്ടി പറയുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.