1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2019

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മമത; ധര്‍ണ മൂന്നാം ദിവസത്തിലേക്ക്; ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടൂ എന്ന് വെല്ലുവിളി; മമതയ്ക്ക് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലേക്ക്; കേന്ദ്രവും ബംഗാളും സുപ്രീം കോടതിയെ സമീപിക്കുന്നു. ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു.

ചിട്ടി തട്ടിപ്പ് കേസല്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരമാണ് മമതാ ബാനര്‍ജി ധര്‍ണ ആരംഭിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സം കൂടാതെ നടത്താന്‍ ക്യാബിനറ്റ് യോഗം അടക്കമുള്ളവ പന്തലിനു സമീപം തന്നെ മുഖ്യമന്ത്രി നടത്തി. രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ വിതരണം നടത്തിയത് കേന്ദ്രത്തോടുള്ള തുറന്ന വെല്ലുവിളിയുമായി.

രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ നേടാന്‍ ആയതും മമതാ ബാനര്‍ജിയുടെ നേട്ടമാണ്. സി.പി.എംടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് മമതക്ക് ഐക്യദാര്‍ഢ്യം അറിയിക്കാതെ മാറി നില്‍ക്കുന്നത്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഡി.എം.കെ നേതാവ് കനിമൊഴി എന്നിവര്‍ മമതയെ സമരപ്പന്തലിലെത്തി കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചു.

മമതാ ബാനര്‍ജി വരച്ച ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്ക്ക് ചിട്ടിക്കമ്പനികള്‍ വാങ്ങിയെന്ന ആരോപണമാണ് കേന്ദ്രത്തിന്റെ ആയുധം. അതിനാല്‍ ഇപ്പോള്‍ കടുത്ത നിലപാട് എടുത്തില്ലെങ്കില്‍ കേസില്‍ വൈകാതെ മമതയെയും സി.ബി.ഐ ചോദ്യം ചെയ്യലിനായി സമീപിക്കുമെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഭയക്കുന്നു.

അതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കും എതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയും സിബിഐ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നാണ് സിബിഐയുടെ ആവശ്യം. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. അതിന് പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഇന്നലെ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.