1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

സ്വന്തം ലേഖകന്‍: ‘അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും കാണുന്നു; പാവം പോക്കിരിരാജയോട് എന്താ ഇങ്ങനെ?’ പ്രേക്ഷകരോട് മമ്മൂട്ടി. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് അവഞ്ചേഴ്‌സിന്റെ പതിനാലാമത്തെ ഭാഗം പുറത്തു വന്നിട്ടും ആളുകള്‍ ഇപ്പോഴും കാണുന്നുവെങ്കില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവില്ലേയെന്ന് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലെ മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. അതിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ പത്തു വര്‍ഷത്തിനിപ്പുറം പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തിനു പോലും വലിയ മാറ്റങ്ങള്‍ സംഭവിച്ചതിനു ശേഷം അതേ ഫോര്‍മുലയില്‍ ഒരു ചിത്രം വീണ്ടും വരുമ്പോള്‍ എത്രമാത്രം ആത്മവിശ്വാസത്തോടുകൂടിയാണ് മധുരരാജയെ സമീപിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി.

‘സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. ഈ സിനിമ നന്മയുടെ ഭാഗത്തു നില്‍ക്കുന്ന ചിത്രമാണ്. തിന്മയെ നന്മ ജയിക്കുന്നതു തന്നെയാണ് കഥ. ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതെല്ലാം ഒരു ചോദ്യവും കൂടാതെ കാണുന്നുണ്ട്. പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങനെ?’ മമ്മൂട്ടി ചോദിക്കുന്നു.

‘പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.’ അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മധുരാജ വിവിധ ഭാഷകളില്‍ വൈകാതെ റിലീസ് ചെയ്യുന്നുണ്ട്. ആ ഭാഷകളിലെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്കും മലയാളികളുടെ അതേ പോലെ സിനിമയെ ആസ്വദിക്കാനായാല്‍ തീര്‍ച്ചയായും ചിത്രം ദക്ഷിണേന്ത്യയില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സലിം കുമാര്‍, അനുശ്രീ, രമേഷ് പിഷാരടി, ബൈജു ജോണ്‍സണ്‍, പീറ്റര്‍ ഹെയ്ന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.